ഇന്ത്യ മതേതര പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുന്ന രാജ്യം; യുഎസ് റിപ്പോര്‍ട്ട് തള്ളി കേന്ദ്രസര്‍ക്കാര്‍

ഇന്ത്യ മതേതര പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുന്ന രാജ്യമാണെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മതസ്വാതന്ത്ര്യമില്ലെന്ന യുഎസ് റിപ്പോര്‍ട്ട് തള്ളി കേന്ദ്ര സര്‍ക്കാര്‍. യുഎസ് പരാമര്‍ശങ്ങളില്‍ ഇന്ത്യ അതൃപ്തി പ്രകടിപ്പിച്ചു. ഇന്ത്യ മതേതര പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുന്ന രാജ്യമാണെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. സ്വന്തം പൗരന്മാര്‍ക്ക് ഇന്ത്യ നല്‍കുന്ന അവകാശങ്ങളുടെ കാര്യത്തില്‍ വിദേശ രാജ്യത്തിന്റെ വിശ്വാസ്യത ആവശ്യമില്ലെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യയിലെ ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്കടക്കം എല്ലാവര്‍ക്കും മതസ്വാതന്ത്ര്യം അനുവദിക്കുന്നുണ്ട്. രാജ്യത്തിന്റെ ഭരണഘടന എല്ലാ പൗരന്മാര്‍ക്കും മൗലികാവകാശങ്ങള്‍ ഉറപ്പു വരുത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സഹിഷ്ണുതയും വൈവിധ്യ ജനവിഭാഗത്തെ ഉള്‍ക്കൊള്ളുന്നതുമായ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ഈ മതേതര പാരമ്പര്യത്തില്‍ രാജ്യം അഭിമാനിക്കുന്നു.

ഇത്തരത്തിലൊരു രാജ്യത്ത് ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ രണ്ടാമതും അധികാരത്തിലേറിയ സര്‍ക്കാരാണ് നരേന്ദ്രമോഡിയുടേത്. അടിസ്ഥാനമില്ലാതെ സര്‍ക്കാരിനെ വിമര്‍ശിക്കരുതെന്നും രവീഷ് കുമാര്‍ പ്രസ്താവിച്ചു.

Exit mobile version