ലോകകപ്പ് നഷ്ടമായ ധവാനെ ആശ്വസിപ്പിച്ച് മോഡി; ‘ബിഹാറിലെ മരിച്ച കുഞ്ഞുങ്ങള്‍’ ഇനിയും കാത്തിരിക്കണം; മോഡിയെ പരിഹസിച്ച് ധ്രുവ് റാഠി

ഒരക്ഷരം മിണ്ടാത്ത മോഡി ലോകകപ്പ് ടൂര്‍ണമെന്റിനിടെ പരിക്കേറ്റ് ടീമില്‍ നിന്നും പുറത്തുപോയ ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാന് പെട്ടെന്ന് സുഖമാവട്ടെ എന്ന് ആശംസിച്ച് രംഗത്തെത്തി

ന്യൂഡല്‍ഹി: 100ലേറെ കുഞ്ഞുങ്ങള്‍ ബിഹാറില്‍ മസ്തിഷ്‌ക മരണത്തെ തുടര്‍ന്ന് മരിച്ചുവീണിട്ടും ഒരു പരാമര്‍ശം പോലും നടത്താത്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ച് യൂട്യൂബര്‍ ധ്രുവ് റാഠി. ബിഹാറില്‍ ഇനിയും ചികിത്സയില്‍ തുടരുന്നത് നൂറുകണക്കിന് കുഞ്ഞുങ്ങളാണ്. ദിവസവും നിരവധി കുഞ്ഞുങ്ങളുടെ ജീവന്‍ നഷ്ടപ്പെടുന്നുമുണ്ട്. എന്നിട്ടും ഒരക്ഷരം മിണ്ടാത്ത മോഡി ലോകകപ്പ് ടൂര്‍ണമെന്റിനിടെ പരിക്കേറ്റ് ടീമില്‍ നിന്നും പുറത്തുപോയ ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാന് പെട്ടെന്ന് സുഖമാവട്ടെ എന്ന് ആശംസിച്ച് രംഗത്തെത്തിയിരുന്നു. ഇതാണ് ധ്രുവിനെ ചൊടിപ്പിച്ചത്.

‘ഒടുവില്‍ ഇന്ത്യയിലെ ആരോഗ്യരംഗത്തെ പ്രതിസന്ധിയെക്കുറിച്ച് ട്വീറ്റ് ചെയ്യാന്‍ മോഡി സമയം കണ്ടെത്തിയിരിക്കുന്നു. ശിഖര്‍ ധവാന്‍ പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചിരിക്കുന്നു. #മരിച്ച കുട്ടികള്‍ ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു’ എന്നാണ് ധ്രുവ് റാഠിയുടെ ഫേസ്ബുക്ക് കുറിപ്പ്.

അതേസമയം, ബിഹാറിലെ മുസാഫര്‍പുരില്‍ നിരവധി കുഞ്ഞുങ്ങളുടെ ജീവന്‍ മസ്തിഷ്‌ക ജ്വരം കവര്‍ന്നിട്ടും രോഗത്തിന്റെ ഉറവിടം കണ്ടെത്താനോ ഫലപ്രദമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാനോ സംസ്ഥാനത്തിനും കേന്ദ്ര സര്‍ക്കാരിനും സാധിച്ചിട്ടില്ല. 128 കുട്ടികളാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. അഞ്ഞൂറിലധികം കുട്ടികള്‍ രോഗബാധയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതിനിടെയാണ്, പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ വിഷയത്തില്‍ മൗനം പാലിച്ച് സോഷ്യല്‍മീഡിയയുടെ വിമര്‍ശനം വാങ്ങിച്ചുകൂട്ടുന്നത്.

ടൂര്‍ണമെന്റില്‍ നിന്നും പുറത്തുപോകേണ്ടി വന്ന ധവാന്റെ ട്വീറ്റിന് ഈ അടിയന്തിര സാഹചര്യത്തിലും പ്രധാന്യം നല്‍കി മറുപടിയുമായി മോഡി എത്തിയിരിക്കുന്നതിങ്ങനെ; ‘പ്രിയപ്പെട്ട ധവാന്‍ പിച്ച് നിങ്ങളെ മിസ് ചെയ്യുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഒരിക്കല്‍ കൂടി നിങ്ങള്‍ക്ക് ഫീല്‍ഡിലേക്ക് തിരിച്ചുവരാനും അതുവഴി രാജ്യത്തിന് കൂടുതല്‍ വിജയങ്ങള്‍ നേടിത്തരാനും കഴിയട്ടെ. അതിനായി എത്രയും പെട്ടെന്ന് നിങ്ങള്‍ സുഖം പ്രാപിക്കുമെന്ന് കരുതുന്നു.’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. മോഡിയുടെ ഈ ട്വീറ്റിനെ വിമര്‍ശിച്ച് നിരവധി പേരാണ് ബിഹാറിലെ ശിശുമരണം ഉയര്‍ത്തിക്കാട്ടി രംഗത്തെത്തിയിരിക്കുന്നത്.

Exit mobile version