ആറു മാസത്തെ കടുത്ത വേനലിന് ശേഷം മഴ; കുടിവെള്ള ക്ഷാമത്തില്‍ അലയുന്ന ചെന്നൈയ്ക്ക് ഇത് ആശ്വാസ മഴ

ഒറ്റ മഴ കൊണ്ട് ജലക്ഷാമം പരിഹരിക്കപ്പെടുകയില്ലങ്കിലും ഒരു മഴയെങ്കിലും ലഭിച്ചുവല്ലോ എന്ന ആശ്വാസത്തിലാണ് ഇവിടുത്തെ ജനത

ചെന്നൈ: നീണ്ട ആറു മാസത്തെ കടുത്ത വേനലിന് ശേഷം ചെന്നൈയ്ക്ക് ആശ്വാസമായി മഴ. ചെന്നൈയിലും പ്രാന്തപ്രദേശങ്ങളിലുമാണ് വ്യാഴ്ച ഉച്ചയ്ക്ക് ശേഷം മഴ ലഭിച്ചത്. ഗിണ്ടി, മീനമ്പാക്കം, വേലാച്ചേരി, പല്ലാവരം, പോരൂര്‍, കേളമ്പാക്കം തുടങ്ങിയ സ്ഥലങ്ങളില്‍ ശക്തമായ മഴ പെയ്തതാണ് ലഭിക്കുന്ന വിവരം. കടുത്ത കുടിവെള്ള ക്ഷാമത്തില്‍ നഗരം അലയവെയാണ് ആശ്വാസമായി മഴ പെയ്തത്.

ഒറ്റ മഴ കൊണ്ട് ജലക്ഷാമം പരിഹരിക്കപ്പെടുകയില്ലെങ്കിലും ഒരു മഴയെങ്കിലും ലഭിച്ചുവല്ലോ എന്ന ആശ്വാസത്തിലാണ് ഇവിടുത്തെ ജനത. വരും ദിവസങ്ങളിലും മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പും പ്രവചിച്ചു കഴിഞ്ഞു. നാളിതുവരെ കാണാത്ത കുടിവെള്ളക്ഷാമത്തിന്റെ പിടിയിലാണ് ചെന്നൈ. സ്‌കൂളുകള്‍, ഹോട്ടലുകള്‍, വനിതാഹോസ്റ്റലുകള്‍, ഐടി സ്ഥാപനങ്ങള്‍, ചായക്കടകള്‍, നിര്‍മ്മാണ മേഖല എന്നിവയുടെ പ്രവര്‍ത്തനം ഏതുനിമിഷവും നിലയ്ക്കാവുന്ന സ്ഥിതിയിലുമാണ്. ഈ സാഹചര്യത്തിലാണ് ആശ്വാസമായി ഒരു മഴ ലഭിച്ചത്.

നഗരമധ്യത്തിലാണ് ജലക്ഷാമം എറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ചെന്നൈയിലെ പ്രധാന ജലസ്രോതസ്സുകളായ പുഴല്‍, പൂണ്ടി, ചെമ്പരമ്പാക്കം, ചോഴവാരം എന്നീ തടാകങ്ങള്‍ വറ്റിവരണ്ടിട്ട് രണ്ടാഴ്ചയോളമായി. നെമ്മേലി, മിഞ്ചൂര്‍ എന്നിവിടങ്ങളിലെ കടല്‍വെള്ളശുദ്ധീകരണകേന്ദ്രങ്ങളില്‍ നിന്നുള്ള 200 ദശലക്ഷം ലിറ്റര്‍ വെള്ളവും കടലൂര്‍ ജില്ലയിലെ വീരാനം തടാകത്തില്‍നിന്നുള്ള 150 ദശലക്ഷം ലിറ്റര്‍ വെള്ളവുമാണു നഗരത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ വിതരണം ചെയ്യുന്നത്. 580 ദശലക്ഷം ലിറ്റര്‍ വെള്ളം വിതരണം ചെയ്യുമെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം.

Exit mobile version