ഗുരുവിന്റെ ആശയങ്ങള്‍ വെളിച്ചം പകരും, പുതിയ ഇന്ത്യയെ ശ്രീനാരായണ ഗുരുവിന്റെ ആശയത്തിലൂടെ കെട്ടിപ്പടുക്കുമെന്ന് രാഷ്ട്രപതി

രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ജലക്ഷാമമാണെന്നും വരും തലമുറകള്‍ക്കായി ജലം സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

ന്യൂഡല്‍ഹി: ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ സര്‍ക്കാരിന് വെളിച്ചം പകരുന്നതിനാല്‍ ഗുരുവിന്റെ ആശയത്തിലൂടെ പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തില്‍ നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

പ്രസംഗത്തിനിടെ ജാതിഭേദം മതദ്വേഷം എന്ന ശ്രീനാരായണ ഗുരുവിന്റെ ശ്ലോകവും രാഷ്ട്രപതി ഉദ്ധരിച്ചു. ഗുരുവിന്റെ ആശയങ്ങള്‍ സര്‍ക്കാരിന് എന്നും വെളിച്ചം പകരുമെന്നും രബീന്ദ്രനാഥ ടാഗോറിന്റെയും ആശയങ്ങള്‍മുറുകെപ്പിടിച്ച് പുതിയ ഇന്ത്യയെ നിര്‍മ്മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ത്രീകള്‍ക്ക് തുല്യാവകാശം ഉറപ്പുവരുത്തുന്നതിന് മുത്തലാഖും നിക്കാഹ് ഹലാലയും ഒഴിവാക്കപ്പെടേണ്ടതാണെന്നും ആദിവാസി ക്ഷേമം സര്ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്നും രാഷ്ട്രപതി പറഞ്ഞു. രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ജലക്ഷാമമാണെന്നും വരും തലമുറകള്‍ക്കായി ജലം സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍

-തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിശ്വാസ്യത വര്‍ധിപ്പിച്ചു.
-61 കോടിയിലധികം ജനങ്ങള്‍ തങ്ങളുടെ സമ്മദിദാന അവകാശം വിനിയോഗപ്പെടുത്തി.
-ഇത് പുതിയ റെക്കോഡാണ്. സര്‍ക്കാരിന് ജനങ്ങള്‍ കൃത്യമായ ഭൂരിപക്ഷം നല്‍കി.
-എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വികസനം എന്ന ആശയത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.
-എല്ലാവരെയും ഒന്നായി കാണുകയാണ് സര്‍ക്കാരിന്റെ നയം.
-വികസന പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ജനങ്ങളുടെ അംഗീകാരം ലഭിച്ചു. സ്ത്രീവോട്ടര്‍മാരുടെ സജീവ പങ്കാളിത്തം തെരഞ്ഞെടുപ്പിലുണ്ടായി.
-തെരഞ്ഞെടുപ്പ് കമ്മീഷന് അഭിനന്ദനം
-13,000 കോടിയുടെ കാര്‍ഷിക ക്ഷേമ പദ്ധതികള്‍ക്ക് തുടക്കമായി.
-2022 നകം കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും.
-രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ജലക്ഷാമം.
-ജവാന്മാരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തും.
-ചെറുകിട കച്ചവടക്കാര്‍ക്ക് ഇന്‍ഷുറന്‌സ് ഏര്‍പ്പെടുത്തും.
-ബേഠി ബച്ചാവോ ബേഠീ പഠാവോ വ്യാപിപ്പിക്കും.
-ആദിവാസി ക്ഷേമം സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം
-വരും തലമുറകള്‍ക്കായി ജലം സംരക്ഷിക്കേണ്ടതുണ്ട്.
-ജല ശക്തി മന്ത്രാലയം രൂപീകരിച്ചത് നിര്‍ണായകമായ ചുവടുവെപ്പാണ്.
-112 ആസ്പിരേഷണല്‍ ജില്ലകള്‍ വികസിപ്പിക്കാനുള്ള നടപടികള്‍ വലിയതോതില്‍ ആരംഭിക്കാന്‍ പോകുന്നു
-ലോകത്തിലേറ്റവും കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഉള്ള രാജ്യം ഇന്ന് ഇന്ത്യയാണ്.
-സ്ത്രീകള്‍ക്ക് തുല്യാവകാശം ഉറപ്പുവരുത്തുന്നതിന് മുത്തലാഖും നിക്കാഹ് ഹലാലയും ഒഴിവാക്കപ്പെടേണ്ടതാണ്.

Exit mobile version