വരള്‍ച്ചയില്‍ വലഞ്ഞ് ചെന്നൈ; കുടിവെള്ളത്തിനായി കേരളം ഉള്‍പ്പടെയുടെള്ള സംസ്ഥാനങ്ങളുടെ സഹായം തേടാന്‍ ഒരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍

ജലക്ഷാമം രൂക്ഷമായതോടെ ചെന്നൈയിലും തഞ്ചാവൂരിലുമായി മൂന്ന് സ്വകാര്യ സ്‌കൂളുകള്‍ തല്‍ക്കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്

ചെന്നൈ: വരള്‍ച്ചയില്‍ വലഞ്ഞിരിക്കുകയാണ് ചെന്നൈ. ഇതോടെ ചെന്നൈയിലേക്ക് വെള്ളം എത്തിക്കാന്‍ വേണ്ടി അയല്‍ സംസ്ഥാനങ്ങളുടെ സഹായം തേടാന്‍ ഒരുങ്ങിയിരിക്കുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍. കുടിവെള്ളത്തിനായി കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളോട് സഹായം തേടാനാണ് ആലോചന.

അതേസമയം സംസ്ഥാനത്തെ ജലക്ഷാമം നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് ഡിഎംകെ മറ്റന്നാള്‍ തമിഴ്‌നാട്ടില്‍ ഉടനീളം പ്രതിഷേധിക്കും. നിലവില്‍ ചെന്നൈയിലേക്ക് വെള്ളം വിതരണം ചെയ്യുന്ന അഞ്ച് ജലസംഭരണികളില്‍ ഒന്നില്‍ മാത്രമാണ് കുറച്ചെങ്കിലും വെള്ളം ഉള്ളത്. ആറ് കുടം വെള്ളം മാത്രമേ ഒരു കുടുംബത്തിന് നല്‍കുമെന്ന നിലപാടിലാണ് സ്വകാര്യ വാട്ടര്‍ ടാങ്കര്‍ വിതരണക്കാര്‍. ഇതേ തുടര്‍ന്ന് നഗരത്തില്‍ പലയിടങ്ങളിലും സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.

വരള്‍ച്ച കാരണം തടാകങ്ങളൊക്കെ വരണ്ട് മീനുകള്‍ ചത്ത് പൊങ്ങി കിടക്കുകയാണ്. ജലക്ഷാമം രൂക്ഷമായതോടെ ചെന്നൈയിലും തഞ്ചാവൂരിലുമായി മൂന്ന് സ്വകാര്യ സ്‌കൂളുകള്‍ തല്‍ക്കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. മിക്ക സ്‌കൂളുകളും പ്രവര്‍ത്തന സമയം ഉച്ചവരെയാക്കി ചുരുക്കി. സംസ്ഥാനത്തേക്ക് വെള്ളം എത്തിക്കാന്‍ വേണ്ടി പ്രത്യേക ട്രെയിനുകള്‍ അനുവദിക്കണമെന്ന് തമിഴ്‌നാട് റെയില്‍വേയോട് അഭ്യര്‍ത്ഥിക്കും.

Exit mobile version