ബിജെപി എംപി സണ്ണി ഡിയോളിന്റെ എംപി സ്ഥാനം നഷ്ടപ്പെട്ടെക്കും; തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അധിക തുക ചിലവഴിച്ചതിന് ഡിയോളിന് കമ്മീഷന്‍ നോട്ടീസ് അയച്ചു

പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ നിന്നാണ് ബിജെപി ടിക്കറ്റില്‍ സണ്ണി ഡിയോള്‍ മത്സരിച്ചത്.

ന്യൂഡല്‍ഹി; ബിജെപി എംപി സണ്ണി ഡിയോളിന്റെ എംപി സ്ഥാനം നഷ്ടപ്പെട്ടെക്കും. ഒരു സ്ഥാനാര്‍ത്ഥിക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാവുന്ന തുക തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ചിരുന്നു. ഇതില്‍ കൂടുതല്‍ തുക പ്രചരണത്തിന് ഉപയോഗിച്ചതാണ് സണ്ണി ഡിയോളിനെ പ്രതിരോധത്തിലാക്കിയത്. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സണ്ണി ഡിയോളിന് നോട്ടീസ് അയച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രചരണത്തിന് ഉപയോഗിക്കാവുന്ന തുക 70 ലക്ഷമായിട്ടാണ് കമ്മീഷന്‍ നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ സണ്ണി ഡിയോള്‍ 86 ലക്ഷം രൂപ ചിലവാക്കി. സണ്ണി ഡിയോളിന്റെ പേരില്‍ പരാതി ലഭിച്ചതിന് പിന്നാലെയാണ് കമ്മീഷന്റെ നടപടി. തെരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തിയ എംപിക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ചട്ടലംഘനം നടത്തിയ എംപിമാരെ സസ്‌പെന്‍ഡ് ചെയ്യാനുള്ള അധികാരം കമ്മീഷന് ഉണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ നിന്നാണ് ബിജെപി ടിക്കറ്റില്‍ സണ്ണി ഡിയോള്‍ മത്സരിച്ചത്. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ജാഖറെ 80000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സണ്ണി ഡിയോള്‍ തോല്‍പ്പിച്ചത്.

Exit mobile version