പ്രണയിച്ച് വഞ്ചിച്ച് മറ്റൊരു വിവാഹത്തിന് ഒരുങ്ങി; വിവാഹ ദിനത്തില്‍ ചതിച്ച കാമുകന്റെ മുഖത്ത് തിളച്ച കടുകെണ്ണ ഒഴിച്ച് യുവതിയുടെ പ്രതികാരം!

ആക്രമണത്തില്‍ സാരമായി പൊള്ളലേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മീററ്റ്: പ്രണയിച്ച് വഞ്ചിച്ച് മറ്റൊരു വിവാഹത്തിന് ഒരുങ്ങിയ കാമുകന്റെ മുഖത്ത് തിളച്ച കടുകെണ്ണ ഒഴിച്ച് യുവതിയുടെ പ്രതികാരം. വിവാഹം നടക്കുന്ന വീട്ടില്‍ ആരും കാണാതെ അകത്ത് കടന്ന യുവതി ചതിച്ച കാമുകന്റെ മുഖത്ത് കടുകെണ്ണ എടുത്ത് ഒഴിച്ച് പൊള്ളിക്കുകയായിരുന്നു. സംഭവത്തില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.

ആക്രമണത്തില്‍ സാരമായി പൊള്ളലേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിവാഹം നടക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് യുവതിയുടെ ആക്രമണം. പുലര്‍ച്ചെ നാലു മണിക്കാണ് വരനായ ഉമേഷ് ജോഷിയുടെ വീട്ടില്‍ യുവതി എത്തിയത്. ഈ സമയം ഉമേഷ് ഉറങ്ങുകയായിരുന്നു.

ഉടനെ യുവതി ഉമേഷിന്റെ റൂമില്‍ കയറി മുഖത്തേയ്ക്ക് കൈയ്യില്‍ കരുതിയിരുന്ന തിളച്ച കടുകെണ്ണ ഒഴിക്കുകയായിരുന്നു. മീററ്റിലെ ബുലന്ദ്ഷഹര്‍ സ്വദേശിനിയാണ് പെണ്‍കുട്ടി. വിവാഹം മുടക്കുക മാത്രമായിരുന്നു ഇവരുടെ ലക്ഷ്യം. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നേടിയ ശേഷം യുവാവ് തിരിച്ചുവരികയും ചെയ്തു. വിവാഹം പറഞ്ഞ സമയത്ത് തന്നെ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Exit mobile version