‘ചതിച്ചാല്‍ ജീവനൊടുക്കും’ ജിഷ്ണുവിനും സുഹൃത്തിനും അയച്ചു; അവശനിലയിലായിട്ടും മൗനം പാലിച്ച് ഇരുവരും, ഒടുവില്‍ അല്‍ഫിയ മറ്റൊരു ലോകത്തേയ്ക്ക്

തിരുവനന്തപുരം: പ്രണയത്തിന്റെ പേരില്‍ രണ്ട് വര്‍ഷത്തിനിടെ നടന്നത് 180 ലേറെ ആത്മഹത്യകള്‍. ഒടുവിലത്തെ ഇരയായി കിളിമാനൂര്‍ വാലഞ്ചേരി കണ്ണയംകോട് വി.എസ്.മന്‍സിലില്‍ എ.ഷാജഹാന്‍സബീനബീവി ദമ്പതികളുടെ മകള്‍ അല്‍ഫിയ (17)യയും. വിഷം കഴിക്കുന്ന ചിത്രം അടക്കം അല്‍ഫിയ കാമുകന്‍ ജിഷ്ണുവിന് വാട്‌സാപ് സന്ദേശം അയച്ച ശേഷമാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ആല്‍ഫിയ വിഷം കഴിച്ചത്.

എന്നാല്‍ ജിഷ്ണുവും സുഹൃത്തും ഇതു രഹസ്യമാക്കിവച്ചു. രക്ഷിക്കാനുള്ള ശ്രമം പോലും നടത്തിയിരുന്നില്ല. കൊവിഡ് ബാധിച്ച് പ്രാഥമിക ചികിത്സാകേന്ദ്രത്തില്‍ 17 ദിവസം ചികിത്സയില്‍ കഴിയുമ്പോഴാണ് ജിഷ്ണുവുമായി അല്‍ഫിയ പരിചയത്തിലാകുന്നത്. മറ്റ് ബന്ധങ്ങളുള്ള ജിഷ്ണു ചതിക്കുകയായിരുന്നെന്ന് അറിഞ്ഞതോടെ അല്‍ഫിയ മാനസികമായി തകര്‍ന്നു. ചതിച്ചാല്‍ ജീവനൊടുക്കുമെന്ന് മെസേജ് അയച്ചപ്പോള്‍ ജീവനൊടുക്കാന്‍ വെല്ലുവിളിച്ചിട്ട് ഫോണ്‍ ബ്ലോക്കാക്കി.

വിഷം കഴിച്ച കാര്യം കാമുകനെയും കാമുകന്റെ സുഹൃത്തിനെയും അറിയിച്ചു. കുഴഞ്ഞ് വീണ അല്‍ഫിയയുമായി നാല് ദിവസം വീട്ടുകാര്‍ വിവിധ ആശുപത്രികളില്‍ കയറിയിറങ്ങുമ്പോള്‍ വിഷം കഴിച്ച വിവരം കാമുകനും സുഹൃത്തും ആരോടും പറഞ്ഞില്ല. അവശതയുടെ കാരണം ഡോക്ടര്‍മാര്‍ കണ്ടെത്തുമ്പോഴേക്കും ജീവന്‍ നഷ്ടമായിരുന്നു. പ്രണയത്തില്‍നിന്നു ജിഷ്ണു പിന്മാറിയതാണ് അല്‍ഫിയ ജീവനൊടുക്കാന്‍ കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കാമുകനായ ജിഷ്ണുവിനെ ആത്മഹത്യാപ്രേരണാകുറ്റത്തിന് അറസ്റ്റ് ചെയ്തു.

Exit mobile version