അഞ്ച് ദിവസം പ്രായമായ ആണ്‍കുഞ്ഞിനെ അമ്മ കാണാതെ ബാഗിലിട്ട് തട്ടിക്കൊണ്ടു പോയി; സ്ത്രീയുടെ ദൃശ്യങ്ങള്‍ ആശുപത്രി സിസിടിവിയില്‍

യുവതി ഉറങ്ങിക്കിടക്കവെയാണ് സ്ത്രീ കുഞ്ഞിനെ തട്ടിക്കൊണ്ടു പോയത്

മുംബൈ: അഞ്ച് ദിവസം പ്രായമായ ആണ്‍കുഞ്ഞിനെ ആശുപത്രിയില്‍ നിന്നും തട്ടിക്കൊണ്ടു പോയ സ്ത്രീയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍. സെന്‍ട്രല്‍ മുംബൈയിലുള്ള നായര്‍ ആശുപത്രിയില്‍ ഇന്നലെ വൈകിട്ടോടെയാണ് സംഭവം. തന്റെ അരികില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെ കാണാതായതോടെ യുവതി ബഹളം വെച്ചതിനെ തുടര്‍ന്നാണ് ആശുപത്രി അധികൃതര്‍ സംഭവം അറിഞ്ഞത്.

യുവതി ഉറങ്ങിക്കിടക്കവെയാണ് സ്ത്രീ കുഞ്ഞിനെ തട്ടിക്കൊണ്ടു പോയത്. ഉറക്കമുണര്‍ന്നപ്പോള്‍ കുഞ്ഞിനെ തന്റെ അരികില്‍ കാണാതെ വന്നതോടെ യുവതി ബഹളം വെയ്ക്കുകയായിരുന്നു. വിവരമറിഞ്ഞ ജീവനക്കാര്‍ ആശുപത്രി പരിസരം മുഴുവന്‍ അന്വേഷിച്ചെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് സിസിടിവി പരിശോധിക്കുകയായിരുന്നു.

ഒരു സ്ത്രീ കുഞ്ഞിനെ ബാഗിലിട്ട് പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തി. എന്നാല്‍ ദൃശ്യങ്ങളില്‍ കണ്ട സ്ത്രീയെ കണ്ടുപിടിക്കാന്‍ ആശുപത്രി അധികൃതര്‍ക്കും പോലീസിനും കഴിഞ്ഞിട്ടില്ല. കുഞ്ഞിനെ തട്ടികൊണ്ടുപോയതില്‍ സ്ത്രീക്കെതിരെ കേസ് ഫയല്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version