പാകിസ്താന്റെ ആകാശം തൊടാതെ മോഡി പറന്നു; ബിഷ്‌കേക്കില്‍ ഷി ജിങ്പിങുമായും പുടിനുമായും കൂടിക്കാഴ്ച; ഇമ്രാന്‍ ഖാനെ കാണില്ല

ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് ബിഷ്‌കേക്കിലേക്ക് തിരിച്ചത്.

ന്യൂഡല്‍ഹി: പാകിസ്താന്റെ വ്യോമപാതയെ തൊടാതെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്‌കേക്കിലേക്ക് തിരിച്ചു. പാക് വ്യോമപാത അടച്ചിട്ടതിനാല്‍ ഒമാന്‍-ഇറാന്‍ വ്യോമപാത വഴിയാണ് പ്രധാനമന്ത്രി കിര്‍ഗിസ്ഥാനിലേക്ക് പോകുന്നത്.

ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് ബിഷ്‌കേക്കിലേക്ക് തിരിച്ചത്. ഷാങ്ഹായ് സഹകരണ സംഘടനയില്‍ അംഗമായ ശേഷം ഇത് രണ്ടാം തവണയാണ് ഇന്ത്യ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നത്. ആഗോള സുരക്ഷ സാഹചര്യങ്ങള്‍, സാമ്പത്തിക സഹകരണം തുടങ്ങി രാജ്യാന്തര തലത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന വിഷയങ്ങളാണ് രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ഉച്ചകോടിയിലെ ചര്‍ച്ചാ വിഷയങ്ങള്‍.

മോഡി ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിങ്പിങുമായും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായും ഉഭയകക്ഷി ചര്‍ച്ച നടത്തും. അതേസമയം, ബന്ധം വഷളായി തന്നെ തുടരുന്നതിനാല്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി മോഡി പ്രത്യേക കൂടിക്കാഴ്ച നടത്തില്ല. ഇക്കാര്യം വിദേശകാര്യമന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

Exit mobile version