തകര്‍ന്നുവീണ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; ആദ്യ ചിത്രങ്ങള്‍ പുറത്ത്; മൂന്ന് മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കായി തെരച്ചില്‍

വ്യോമസേനയുടെ AN 32 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.

ജോര്‍ഹട്ട്: അസമിലെ ജോര്‍ഹട്ടില്‍ നിന്ന് പറന്നുയര്‍ന്ന് മെചുകയിലെത്തും മുമ്പ് തകര്‍ന്നു വീണ വ്യോമസേനയുടെ AN 32 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. വിമാനം തകര്‍ന്നു വീണ സ്ഥലത്തിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്തു വന്നു. പ്രദേശത്ത് ഇന്നും തെരച്ചില്‍ തുടരും. വിമാനത്തില്‍ മൂന്ന് മലയാളികളുള്‍പ്പടെ 13 പേരാണുണ്ടായിരുന്നത്.

കൊടുംവനത്തിലാണ് വിമാനം തകര്‍ന്നു വീണിരിക്കുന്നത്. പ്രദേശത്തെ മരങ്ങളെല്ലാം കത്തി നശിച്ച നിലയിലാണ്. വിമാനം തകര്‍ന്നു വീണപ്പോള്‍ വലിയ തീപിടിത്തമുണ്ടായെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. സിയാങ് ജില്ലയിലെ പായും സര്‍ക്കിളിന് തൊട്ടടുത്താണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഇന്നലെ വൈകിട്ടോടെ കണ്ടെത്തിയത്. തെരച്ചില്‍ സംഘത്തിലുണ്ടായിരുന്ന Mi-17 ഹെലികോപ്റ്ററാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

ഹെലികോപ്റ്ററുകള്‍ക്ക് ലാന്‍ഡ് ചെയ്യാന്‍ സാധിക്കാത്ത കുത്തനെയുള്ള നിബിഡവനത്തിലേക്കാണ് വിമാനം തകര്‍ന്നു വീണത്. അതുകൊണ്ടുതന്നെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇനിയും വൈകിയേക്കും. അതേസമയം, ഇന്നലെ രാത്രി മുതല്‍ പ്രദേശത്ത് കരസേനയെത്തി തെരച്ചില്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.

ജൂണ്‍ 3-ന് അസമിലെ ജോര്‍ഹട്ടില്‍ നിന്ന് മെചുകയിലെ സൈനിക ലാന്‍ഡിങ് സ്ട്രിപ്പിലേക്ക് പോവുകയായിരുന്ന വിമാനം പന്ത്രണ്ടരയോടെ പറന്നുയര്‍ന്ന് അരമണിക്കൂറിനകമാണ് റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്. വിമാനത്തിന് വേണ്ടി C-130J, സുഖോയ് എസ് യു-30 പോര്‍ വിമാനങ്ങള്‍, നാവികസേനയുടെ P8-I തെരച്ചില്‍ വിമാനങ്ങള്‍, കര, വ്യോമസേനകളുടെ ഒരു സംഘം ഹെലികോപ്റ്ററുകള്‍ എന്നിവ ജൂണ്‍ 3 മുതല്‍ പ്രദേശത്ത് തെരച്ചില്‍ നടത്തി വരികയായിരുന്നു. എന്നാല്‍ കനത്ത മഴയും നിബിഡവനവും തെരച്ചില്‍ ദുഷ്‌കരമാക്കി. ഐഎസ്ആര്‍ഒയുടെ ഉപഗ്രഹങ്ങളും, സൈന്യത്തിന്റെ ഡ്രോണുകളും തെരച്ചിലിന് സഹായിക്കാനായി ഉണ്ടായിരുന്നു.

മെചുകയില്‍ ലാന്‍ഡ് ചെയ്യുന്നതും പറന്നുയരുന്നതും ബുദ്ധിമുട്ടായിരുന്നു. ഇന്ത്യയിലെ തന്നെ, സഞ്ചരിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള വ്യോമമേഖലകളിലൊന്നാണ് മെചുകയിലേത്. പരിഷ്‌കരിക്കാത്ത വിമാനത്തിന്റെ സെര്‍ച്ച് – റെസ്‌ക്യൂ ബീക്കണ്‍ കഴിഞ്ഞ പതിനാല് വര്‍ഷമായി മാറ്റി വച്ചിട്ടുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വിമാനത്തില്‍ നിന്നുള്ള സിഗ്നലുകളും ലഭിച്ചില്ല.

സ്‌ക്വാഡ്രണ്‍ ലീഡര്‍ പാലക്കാട് സ്വദേശി വിനോദ്, കൊല്ലം സ്വദേശിയായ സാര്‍ജന്റ് അനൂപ് കുമാര്‍, മറ്റൊരു ഉദ്യോഗസ്ഥനായ എന്‍കെ ഷെരില്‍ എന്നിവരാണ് വിമാനത്തിലുള്ള മലയാളികള്‍.

Exit mobile version