യോഗി ആദിത്യനാഥിനെതിരെ പോസ്റ്റ്; മാധ്യമപ്രവര്‍ത്തകനെ യുപി പോലീസ് അറസ്റ്റ് ചെയ്തു

ഉത്തര്‍പ്രദേശ്: മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ട സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകനെ യുപി പോലീസ് അറസ്റ്റ് ചെയ്തു. സ്വാതന്ത്ര മാധ്യമപ്രവര്‍ത്തകനായ പ്രശാന്ത് കനോജിയയെയാണ് യുപി പോലീസ് ഡല്‍ഹിയിലെ തന്റെ വീട്ടില്‍ നിന്ന് പിടിച്ചുകൊണ്ട് പോയത്.

വാറന്റില്ലാതെയാണ് പോലീസ് വീട്ടിലെത്തിയതെന്നും സാധാരണ വേഷത്തില്‍ വന്ന അവര്‍ തങ്ങള്‍ ഹസ്രത്ത്ഗഞ്ച് പോലീസ് സ്റ്റേഷനില്‍ നിന്നുള്ളവരാണെന്നാണ് പരിചയപ്പെടുത്തിയതെന്നും കനോജിയയുടെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയതിനും അദ്ദേഹത്തിന് സമൂഹത്തിലുള്ള പ്രതിച്ഛായയ്ക്ക് കോട്ടം സംഭവിക്കും വിധത്തില്‍ അധിക്ഷേപാര്‍ഹമായ പരാമര്‍ശങ്ങള്‍ നടത്തിയതിനും കനോജിയക്കെതിരെ കേസെടുത്തിട്ടുണ്ട്. ന്യൂസ് പോര്‍ട്ടലായ ദ വയറിന്റെ ഹിന്ദി വിഭാഗത്തിലായിരുന്നു കനോജിയ കഴിഞ്ഞ മാര്‍ച്ച് വരെ ജോലി ചെയ്തിരുന്നത്.

യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് യുവതി പറയുന്ന വീഡിയോ കനോജിയ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഒപ്പം ആക്ഷേപഹാസ്യ സ്വരത്തില്‍ ഇങ്ങനെ കുറിക്കുകയും ചെയ്തു.

‘യോഗി ജീ, വീഡിയോ കാളിലൂടെ താങ്കള്‍ക്ക് ചാറ്റ് ചെയ്യാമെങ്കില്‍ എന്ത് താങ്കള്‍ക്ക് താങ്കളുടെ പ്രണയം പങ്ക് വെച്ച് കൂടാ? യോഗി ജീ , താങ്കള്‍ ഒരിക്കലും ഭയപ്പെടരുത്, സമൂഹം എന്ത് പറയുമെന്ന് ഒരിക്കലും ആലോചിക്കരുത്, അങ്ങ് ഒളിച്ചോടുക , ഞങ്ങളെല്ലാം താങ്കളോടൊപ്പമുണ്ട്. ഞങ്ങള്‍ താങ്കളെ വിവാഹം കഴിപ്പിക്കും ‘ എന്നായിരുന്നു പരാമര്‍ശം.

‘നിങ്ങള്‍ക്ക് വേണമെന്നുണ്ടെങ്കില്‍ നിങ്ങളുടെ പ്രണയം ഒരിക്കലും മറച്ചു വെക്കാന്‍ കഴിയില്ല’ എന്ന കമന്റുമായി ജൂണ്‍ ആറിന് കനോജിയ ഇതേ വീഡിയോ ട്വിറ്ററിലും പങ്ക് വെച്ചിരുന്നു. ഇതോടെ വീഡിയോ വൈറലായിരുന്നു. സംഭവത്തില്‍ ഹസ്രത്ഗഞ്ച് പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

Exit mobile version