ഇരിക്കാനായി നല്‍കിയ കസേര വൃത്തിയില്ല, ജനലഴികളിലെല്ലാം പൊടി; കോടതിയിലെ വൃത്തിഹീനത കണ്ട് കലിതുള്ളി പ്രജ്ഞാ സിങ് താക്കൂര്‍

മാലേഗാവ് സ്‌ഫോടന കേസ് പ്രതിയാണ് ബിജെപി എംപിയായ പ്രജ്ഞാ സിങ് താക്കൂര്‍

മുംബൈ: മാലേഗാവ് സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരായ ബിജെപി എംപി പ്രജ്ഞാ സിങ് താക്കൂര്‍ കോടതിയിലെ വൃത്തിഹീനത കണ്ട് കലിതുള്ളി. നേരിട്ട് ഹാജരാവണമെന്ന് പ്രജ്ഞായോട് കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും ആദ്യം ഇയാള്‍ തയ്യാറായിരുന്നില്ല. പിന്നീട് കോടതി സ്വരം കടുപ്പിച്ചപ്പോഴാണ് പ്രജ്ഞ എത്തിയത്.

മാലേഗാവ് സ്‌ഫോടന കേസ് പ്രതിയാണ് ബിജെപി എംപിയായ പ്രജ്ഞാ സിങ് താക്കൂര്‍. ആരോഗ്യനില മോശമാണെന്നു ചൂണ്ടിക്കാട്ടി കോടതി നടപടികളില്‍ നിന്ന് ഒഴിയുകയായിരുന്നു പ്രജ്ഞ. എന്നാല്‍ കോടതിയുടെ കര്‍ശന ഇടപെടലിനെത്തുടര്‍ന്ന് പ്രജ്ഞ കോടതിയില്‍ നേരിട്ട് ഹാജരാവുകയായിരുന്നു. ഇതിന് പിന്നാലെയാണ്, പ്രജ്ഞ തന്റെ രോഷം പ്രകടിപ്പിച്ചത്.

കോടതിയില്‍ ഹാജരായ പ്രജ്ഞ പ്രതികള്‍ക്കായുള്ള ഇരിപ്പിടത്തില്‍ ഇരിക്കാന്‍ വിസമ്മതിച്ചു. സാക്ഷിക്കൂട്ടിലേക്കു കയറിനില്‍ക്കാന്‍ കോടതി ആവശ്യപ്പെട്ടപ്പോഴും പ്രജ്ഞ നിഷേധിക്കുകയായിരുന്നു. സാക്ഷിക്കൂടിനു സമീപം ജനലിനടുത്താണ് പ്രജ്ഞ നിലയുറപ്പിച്ചത്. കോടതി നടപടികള്‍ തീര്‍ന്നതിനു പിന്നാലെയാണ് വൃത്തിഹീനമായ അന്തരീക്ഷത്തെക്കുറിച്ചു ശബ്ദമുയര്‍ത്തിയത്.

തനിക്ക് ഇരിക്കാനായി നല്‍കിയ കസേര വൃത്തിയില്ലാത്തതാണെന്നും ജനലഴികള്‍ പൊടിപിടിച്ചിരിക്കുകയാണെന്നും പ്രജ്ഞ പറഞ്ഞു. ‘പ്രതിയായാല്‍ എന്ത്? എനിക്കു കോടതിയില്‍ ഇരിക്കാനുള്ള അവകാശമില്ലേ? കുറ്റം തെളിയിക്കുന്നതുവരെ എനിക്കു സൗകര്യങ്ങള്‍ ഒരുക്കിത്തരേണ്ടത് അവരുടെ കടമയാണ്. കുറ്റം തെളിഞ്ഞാല്‍ എന്നെ തൂക്കിക്കൊന്നോട്ടെയെന്നും പ്രജ്ഞ പറഞ്ഞു.

Exit mobile version