പാകിസ്താന് മുന്നറിയിപ്പുമായി ഇന്ത്യ! ‘ ബലാക്കോട്ട് ബോംബുകള്‍ ‘ വാങ്ങാന്‍ ഇസ്രായേലുമായി കരാറില്‍ ഒപ്പുവെച്ചു

ഇസ്രായേലില്‍ നിന്ന് 300 കോടി രൂപയ്ക്ക് 100 സ്പൈസ് ബോംബുകള്‍ വാങ്ങാന്‍ കരാറൊപ്പിട്ടു. മൂന്നുമാസത്തിനുള്ളില്‍ ബോംബുകള്‍ ഇന്ത്യക്ക് നല്‍കും.

ന്യൂഡല്‍ഹി: പാകിസ്താനിലെ ബാലാകോട്ടില്‍ ഇന്ത്യ മിന്നലാക്രമണത്തിന് ഉപയോഗിച്ച ‘സ്‌പൈസ് 2000’ ബോംബുകള്‍ കൂടുതല്‍ വാങ്ങാനൊരുങ്ങി ഇന്ത്യന്‍ വ്യോമസേന. ഇസ്രായേലില്‍ നിന്ന് 300 കോടി രൂപയ്ക്ക് 100 സ്പൈസ് ബോംബുകള്‍ വാങ്ങാന്‍ കരാറൊപ്പിട്ടു. മൂന്നുമാസത്തിനുള്ളില്‍ ബോംബുകള്‍ ഇന്ത്യക്ക് നല്‍കും.

പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കിയ ഫെബ്രുവരി 27ലെ ബാലാകോട്ട് മിന്നലാക്രമണത്തില്‍ വന്‍ പ്രഹരശേഷിയുള്ള സ്‌പൈസ് 2000 ബോംബുകള്‍ കാര്യക്ഷമമായിരുന്നുവെന്നാണ് ഇന്ത്യന്‍ വ്യോമസേനയുടെ നിരീക്ഷണം.

ജയ്‌ഷെ മുഹമ്മദിന്റെ ബാലാകോട്ടിലെ ഭീകരവാദ കേന്ദ്രങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കാന്‍ സാധിച്ചുവെന്ന വിലയിരുത്തലിലാണ് ഇത്രയും ബോംബുകള്‍ ഇന്ത്യ ഒരുമിച്ച് വാങ്ങുന്നത്. പാകിസ്താനില്‍ നിന്നുമുള്ള തീവ്രവാദ ഭീഷണികള്‍ മുന്‍നിര്‍ത്തിയാണ് വലിയ വിലയില്‍ ബോംബുകള്‍ വാങ്ങാന്‍ വ്യോമസേന ഒരുങ്ങുന്നത്.

സ്പൈസ്-2000 ബോംബുകളുടെ ഏറ്റവും പുതിയ മോഡലാണ് ഇന്ത്യക്ക് ലഭിക്കുക. ശത്രുക്കളുടെ താവളങ്ങള്‍ അതിവേഗം തകര്‍ക്കാനാണ് സ്പൈസ് ബോംബുകള്‍ ഉപയോഗിക്കുന്നത്. 60 കിലോ മീറ്റര്‍ ദൂരപരിധിയിലുള്ള ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ശേഷിയുള്ളവയാണ് സ്പൈസ് ബോംബുകള്‍. ഇസ്രായേലില്‍ നിന്നും കൂടുതല്‍ ബോംബുകള്‍ വാങ്ങുന്നതിലൂടെ പാകിസ്താനു ശക്തമായ മുന്നറിയിപ്പാണ് ഇന്ത്യ നല്‍കുന്നത്.

Exit mobile version