കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; 12 എംഎല്‍എമാര്‍ ടിആര്‍എസില്‍ ചേര്‍ന്നു

ഹൈദരാബാദ്: കോണ്‍ഗ്രസിന് നാണക്കേടായി എംഎല്‍എമാര്‍ കൂട്ടത്തോടെ ടിആര്‍എസിലേക്ക് ചേക്കേറി.
തെലങ്കാന നിയമസഭയിലെ എംഎല്‍എമാരാണ് കോണ്‍ഗ്രസ് വിട്ടത്. ഭരണകക്ഷിയായ തങ്ങളെ ടിആര്‍എസില്‍ ലയിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ആകെയുള്ള പതിനെട്ടില്‍ പന്ത്രണ്ട് എംഎല്‍എമാര്‍ സ്പീക്കറെ സമീപിച്ചു.

തങ്ങള്‍ക്ക് ഭരണകക്ഷിയിലേക്ക് മാറണം എന്നാവശ്യപ്പെട്ട് 12 എംഎല്‍എമാര്‍ സ്പീക്കര്‍ പി ശ്രീനിവാസ് റെഡ്ഡിയെ കാണുകയായിരുന്നു.നേരത്തെ തന്ദൂര്‍ കോണ്‍ഗ്രസ് എംഎല്‍എ രോഹിത്ത് റെഡ്ഡി മുഖ്യമന്ത്രിയുടെ മകനും ടിആര്‍എസ്സിന്റെ പ്രവര്‍ത്തനാധ്യക്ഷനുമായ കെടി രാമറാവുവിനെ കണ്ട് ടിആര്‍എസ്സിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

119 അംഗങ്ങളുള്ള തെലങ്കാന നിയമസഭയില്‍ കോണ്‍ഗ്രസിന് 19 അംഗങ്ങളാണുള്ളത്. പിസിസി അധ്യക്ഷന്‍ കൂടിയായ ഉത്തം കുമാര്‍ റെഡ്ഡി നല്‍ഗോണ്ടയില്‍ നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ രാജി വച്ചു. ഫലത്തില്‍ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ അംഗബലം 18. ഇതില്‍ 12 പേരാണ് സ്പീക്കറെ കണ്ട് സ്വന്തം പാര്‍ട്ടി ഭരണകക്ഷിയുമായി ലയിപ്പിക്കണമെന്നാവശ്യപ്പെട്ടിരിക്കുന്നത്.

സംസ്ഥാനത്തിന്റെ ക്ഷേമവും വികസനവും മുന്‍ നിര്‍ത്തി മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗന്ദ്ര വെങ്കട രമണ റെഡ്ഡി വ്യക്തമാക്കി. ഇതിനായാണ് സ്പീക്കറെ കണ്ട് നിവേദനം നല്‍കിയത്. ഇത് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രിക്കൊപ്പം പ്രവര്‍ത്തിക്കണമെങ്കില്‍ ടിആര്‍എസ്സുമായി ലയിക്കുന്നതാണ് നല്ലതെന്ന് അഭിപ്രായം ഉയര്‍ന്നുവെന്നും ജി. വെങ്കട രമണ റെഡ്ഡി വ്യക്തമാക്കി.

Exit mobile version