‘590 കിലോ കഞ്ചാവും ഒരു ട്രക്കും കളഞ്ഞുപോയിട്ടുണ്ടോ..? ഞങ്ങളുമായി ബന്ധപ്പെടൂ, സഹായിച്ചിരിക്കും’; പ്രതികളെ പിടികൂടാന്‍ പുതു വഴി തേടി പോലീസ്, വൈറലായി ട്വീറ്റ്

ട്വിറ്റര്‍ പോസ്റ്റിനൊപ്പമുള്ള ചിത്രത്തില്‍ അമ്പതിലധികം കഞ്ചാവ് പൊതികളും കാണാം

ദിസ്പൂര്‍: പ്രതികളെയും കുറ്റവാളികളെയും പിടികൂടാന്‍ പോലീസ് മുറകള്‍ പലതും ഉണ്ട്. എന്നാല്‍ മൃദു സമീപനം മാത്രം സ്വീകരിക്കാറില്ല എന്ന് എടുത്ത് പറയേണ്ടതായി വരും. എന്നാല്‍ ഇപ്പോള്‍ മൃദു സമീപനം സ്വീകരിച്ച് പുതിയ വഴിതേടിയിരിക്കുകയാണ് ആസാം പോലീസ്. ട്വിറ്ററിലൂടെയാണ് വ്യത്യസ്ത രീതി കൈകൊണ്ടത് പങ്കുവെച്ചിരിക്കുന്നത്.

‘ചഗോളിയ ചെക്പോസ്റ്റില്‍ വച്ച് കഴിഞ്ഞ ദിവസം രാത്രിയില്‍ ആരുടെയെങ്കിലും 590 കിലോ കഞ്ചാവും ഒരു ട്രക്കും കളഞ്ഞുപോയിട്ടുണ്ടോ? പരിഭ്രമിക്കേണ്ട, ഞങ്ങളത് കണ്ടെത്തി. ധൂബ്രി പോലീസുമായി ബന്ധപ്പെട്ടോളൂ, അവര്‍ നിങ്ങളെ തീര്‍ച്ചയായും സഹായിക്കും’ എന്നാണ് ചിരിക്കുന്ന സ്മൈലിക്കൊപ്പം ആസാം പോലീസ് പോസ്റ്റ് ചെയ്തത്.

ട്വിറ്റര്‍ പോസ്റ്റിനൊപ്പമുള്ള ചിത്രത്തില്‍ അമ്പതിലധികം കഞ്ചാവ് പൊതികളും കാണാം. രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ നീക്കത്തിലാണ് ചെക്പോസ്റ്റിന് സമീപം ഉപേക്ഷിച്ച നിലയില്‍ ട്രക്കും കഞ്ചാവ് കെട്ടുകളും പോലീസ് കണ്ടെത്തിയത്. ഏതായാലും ഈ രീതി സമൂഹമാധ്യമങ്ങള്‍ക്കും നല്ല പോലെ ഇഷ്ടപ്പെട്ടിട്ടുണ്ട്. സംഭവം വൈറലായിട്ടുണ്ട്.

Exit mobile version