ആര് വെള്ളം ചോദിച്ചിട്ടാടൊ ഇപ്പോ കേറി വന്നത്, കാശ് തന്ന് ആളുകള്‍ കാണാന്‍ വന്നിരിക്കുമ്പോഴാണോ കോപ്രായം.! പൊതുവേദിയില്‍വെച്ച് സുരക്ഷാ ഭടനെ ചീത്ത വിളിച്ച് ഇളയരാജ, കാലുപിടിച്ചിട്ടും രക്ഷയില്ല

ചെന്നൈ: സംഗീത ലോകത്തെ രാജക്കന്മാരില്‍ ഒരാളാണ് ഇളയരാജ. അത്രതന്നെ ദേഷ്യത്തിന്റെ കാര്യത്തിലും അദ്ദേഹം മുന്നില്‍ തന്നെയാണ്. സംഗീതത്തിന്റെ കാര്യത്തില്‍ ആര് എന്ത് പറഞ്ഞാലും യാതൊരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറല്ല എന്നതാണ് സത്യം. പൊതു സംഗീതവേദിയില്‍ വെച്ച് സുരക്ഷാഭടന്റെ പ്രവൃത്തില്‍ പ്രകോപിതനായ അദ്ദേഹത്തിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ വൈറലാകുന്നത്. അദ്ദേഹത്തിന്റെ ജന്‍മദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സംഗീത പരിപാടിക്കിടയിലാണ് സംഭവം.

ഇളയരാജയുടെ സംഗീതത്തിന് പാട്ട് പാടുന്ന ഗായകര്‍ക്ക് വെള്ളം കൊടുക്കുകയായിരുന്നു സുരക്ഷാഭടന്‍. എന്നാല്‍ ഇത് ഇഷ്ടപ്പെടാതിരുന്ന അദ്ദേഹം സുരക്ഷാഭടനെ സ്റ്റേജിലേക്ക് വിളിപ്പിച്ച് മൈക്കിലൂടെ ചീത്ത പറഞ്ഞു. തന്നോട് ആര് പറഞ്ഞിട്ടാ ഇപ്പോള്‍ വെള്ളം കൊണ്ട് വന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. എന്നാല്‍ തന്റെ ജോലിയുടെ ഭാഗമായിട്ടാണ് വെള്ളം കൊണ്ടു നല്‍കിയതെന്ന് തുറന്നു പറഞ്ഞിട്ടും അതു കേള്‍ക്കാന്‍ ഇളയരാജ തയാറായില്ല. പിന്നീടും കോപത്തോടെ ശകാരം തുടര്‍ന്നതോടെ ജീവനക്കാര്‍ വേദിയില്‍ വച്ചുതന്നെ അദ്ദേഹത്തിന്റെ കാല് പിടിച്ച് മാപ്പു ചോദിച്ചു. പണം നല്‍കി എത്തുന്ന കാഴ്ചക്കാര്‍ക്ക് അസൗകര്യമുണ്ടാക്കുന്ന ഇത്തരം നീക്കങ്ങള്‍ ശരിയല്ലെന്നും ഇളയരാജ പറഞ്ഞു. ഈ വിഡിയോ ഇപ്പോള്‍ വലിയ രോഷമാണ് സമൂഹമാധ്യമങ്ങളിലും ഉയര്‍ത്തുന്നത്.

Exit mobile version