മമതയെ കൂടുതല്‍ പ്രകോപിപ്പിക്കാന്‍ ലക്ഷ്യം; ജയ് ശ്രീ റാം എന്നെഴുതിയ പത്ത് ലക്ഷം പോസ്റ്റ്കാര്‍ഡുകളയച്ച് ബിജെപി

എന്നാല്‍ ബംഗാളിലെ സംസ്‌കാരമല്ല ഇതെന്നും ബിജെപിയുടെ സംസ്‌കാരമാണിതെന്നും തൃണമൂല്‍ നേതാവും മന്ത്രിയുമായ ജ്യോതിപ്രിയ മല്ലിക്ക് പറഞ്ഞു

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ജയ് ശ്രീ റാം എന്നെഴുതിയ പത്ത് ലക്ഷം പോസ്റ്റ്കാര്‍ഡുകളയച്ച് ബിജെപി. ജയ് ശ്രീ റാം വിളിച്ചതിന് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ബംഗാള്‍ പോലീസ് ലാത്തിചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ചാണ് പോസ്റ്റ് കാര്‍ഡുകള്‍ അയച്ചതെന്ന് ബിജെപി എംപി അര്‍ജുന്‍ സിങ് പറഞ്ഞു.

ഇതിലൂടെ മമതയെ കൂടുതല്‍ പ്രകോപിപ്പിക്കാനാണ് ബിജെപിയുടെ പുതിയ നീക്കം. ജയ് ശ്രീ റാം വിളിച്ചതിന്റെ പേരില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ നടത്തിയത് ക്രൂരതയാണെന്നും ഇതില്‍ പ്രതിഷേധിച്ചാണ് മമതയുടെ വീട്ടിലെ അഡ്രസിലേക്ക് പോസ്റ്റ് കാര്‍ഡുകളയക്കുന്നതെന്നും പുതുതായി തിരഞ്ഞെടുത്ത ബിജെപി എംപിയും തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംഎല്‍എ കൂടിയായ അര്‍ജുന്‍ സിങ് പറഞ്ഞു.

എന്നാല്‍ ബംഗാളിലെ സംസ്‌കാരമല്ല ഇതെന്നും ബിജെപിയുടെ സംസ്‌കാരമാണിതെന്നും തൃണമൂല്‍ നേതാവും മന്ത്രിയുമായ ജ്യോതിപ്രിയ മല്ലിക്ക് പറഞ്ഞു. ബിജെപി പ്രവര്‍ത്തകര്‍ മനഃപൂര്‍വ്വം തങ്ങളുടെ യോഗം നടക്കുന്ന സ്ഥലത്തേക്കെത്തി ജയ് ശ്രീ റാം വിളിക്കുകയും സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

Exit mobile version