അമേഠിയില്‍ രാഹുല്‍ ഗാന്ധി തോറ്റത് എസ്പി-ബിഎസ്പി വോട്ടുകള്‍ ബിജെപിക്ക് പോയതിനാല്‍; കോണ്‍ഗ്രസ് അന്വേഷണ കമ്മിഷന്‍

അമേഠി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍, സിറ്റിങ് സീറ്റില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തോറ്റതിന്റെ കാരണം കോണ്‍ഗ്രസിന്റെ അന്വേഷണ കമ്മിഷന്‍ കണ്ടെത്തി. എസ്പി-ബിഎസ്പി വോട്ടുകള്‍ ബിജെപിക്ക് പോയതാണ് രാഹുലിന്റെ പരാജയ കാരണമെന്നാണ് കമ്മറ്റിയുടെ കണ്ടെത്തല്‍.

എസ്പി-ബിഎസ്പി സഖ്യം ബിജെപിക്ക് എതിരായിരുന്നെങ്കിലും അമേഠിയില്‍ അവരുടെ വോട്ടുകള്‍ ബിജെപിക്കാണ് വീണതെന്നാണ് കണ്ടെത്തല്‍. എസ്പി, ബിഎസ്പി പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കള്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടി രംഗത്തിറങ്ങുകയോ, രാഹുല്‍ ഗാന്ധിക്ക് വോട്ട് ചെയ്യണമെന്ന് തങ്ങളുടെ ആളുകളോട് പറയുകയോ ചെയ്തില്ലെന്നാണ് കണ്ടെത്തല്‍. എഐസിസി സെക്രട്ടറിമാരായ സുബൈര്‍ ഖാന്‍, കെഎല്‍ ശര്‍മ്മ എന്നിവര്‍ അടങ്ങുന്ന രണ്ടംഗ അന്വേഷണ കമ്മിഷന്റെതാണ് കണ്ടെത്തല്‍.

2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് ലഭിച്ചതിനെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഇത്തവണ രാഹുലിന് ലഭിച്ചിരുന്നു. 2014 ല്‍ 4.08 ലക്ഷം വോട്ടാണ് രാഹുല്‍ ഗാന്ധിക്ക് ലഭിച്ചത്. ഇക്കുറി അത് 4.13 ലക്ഷമായി ഉയര്‍ന്നിരുന്നു. 2014 ല്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിക്ക് ഇവിടെ 57000 വോട്ട് ലഭിച്ചിരുന്നു. എസ്പി, ബിഎസ്പി പാര്‍ട്ടികളുടെ ഈ വോട്ട് പൂര്‍ണ്ണമായി രാഹുല്‍ ഗാന്ധിക്ക് വീണിരുന്നെങ്കില്‍ ജയിച്ചേനെയെന്നാണ് വിലയിരുത്തല്‍. അതുണ്ടായില്ലെന്നും സ്മൃതി ഇറാനി 55000 വോട്ടിന് ജയിച്ചെന്നുമാണ് കണ്ടെത്തല്‍.

അഖിലേഷ് യാദവ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ഗായത്രി പ്രജാപതിയുടെ മകന്‍ അനില്‍ പ്രജാപതി ഇത്തവണ സ്മൃതി ഇറാനിക്ക് വേണ്ടി നേരിട്ട് പ്രചാരണത്തിനിറങ്ങിയിരുന്നു. അതെസമയം അടുത്ത രണ്ട് ദിവസങ്ങളില്‍, പ്രദേശത്തെ അസംബ്ലി മണ്ഡലങ്ങളിലുള്ള ജനങ്ങളെ രണ്ടംഗ സമിതി നേരിട്ട് കാണും. പിന്നീട് റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ രൂപം ഹൈക്കമാന്റിന് സമര്‍പ്പിക്കും.

Exit mobile version