ഇതരസംസ്ഥാന തൊഴിലാളികളെ പുറത്താക്കി ഗുജറാത്ത്; ആശ്വാസമായി കേരളം

ഗുജറാത്തിലെ സബര്‍കാന്ത ജില്ലയില്‍ പിഞ്ചുകുഞ്ഞിനെ ബിഹാര്‍ തൊഴിലാളി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് എതിരെ അക്രമം തുടങ്ങിയത്

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള തൊഴിലാളികള്‍ക്ക് ഗുജറാത്ത് നരകമായി മാറുമ്പോള്‍ കേരളം ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ആശ്വാസമേകുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹിക, സാമ്പത്തിക, സുരക്ഷാപദ്ധതികളും കരുതലും ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് കേരളത്തെ സ്വന്തം നാടാക്കി മാറ്റുന്നു. തൊഴില്‍വകുപ്പാണ് ഇതിനൊക്കെ നേതൃത്വം നല്‍കുന്നത്.

ഗുജറാത്തിലെ സബര്‍കാന്ത ജില്ലയില്‍ പിഞ്ചുകുഞ്ഞിനെ ബിഹാര്‍ തൊഴിലാളി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് എതിരെ അക്രമം തുടങ്ങിയത്. മാധ്യമങ്ങള്‍വഴി വന്‍തോതില്‍ വിദ്വേഷ വീഡിയോകള്‍ പ്രചരിപ്പിച്ചതും കൂട്ടപ്പലായനത്തിനിടയാക്കി. രണ്ടുവര്‍ഷം മുമ്പ് സമാനമായ അവസ്ഥയെ കേരളം നേരിട്ടത് രാജ്യവ്യാപകമായി പ്രശംസ നേടിയതാണ്. കേരളത്തിലെ കുട്ടികളെ ഉത്തരേന്ത്യക്കാര്‍ തട്ടിക്കൊണ്ടുപോകുന്നു എന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ വന്ന പ്രചാരണമാണ് സംഭവങ്ങള്‍ക്ക് തുടക്കം. ഇത് കാട്ടുതീപോലെ പടര്‍ന്നപ്പോള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍നിന്ന് പലായനം ചെയ്തു.

ഇതോടെ സര്‍ക്കാര്‍ ഇടപെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം വിദ്വേഷ പ്രചാരകര്‍ക്കെതിരെ ശക്തമായ നടപടി എടുത്തു. അസംകാരനായ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അസമീസ് ഭാഷയില്‍ അവിടത്തെ ചാനലുകളില്‍ സത്യസ്ഥിതി വെളിപ്പെടുത്തി പ്രസ്താവന നടത്തി. തൊഴില്‍വകുപ്പിന്റെ നേതൃത്വത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥത്തെത്തി കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. കൂട്ടായ ഈ പ്രവര്‍ത്തനം എളുപ്പത്തില്‍ ഫലം കണ്ടു. നാട്ടിലേക്കുമടങ്ങിയവര്‍ പെട്ടെന്ന് തിരിച്ചെത്തി. അതേസമയം ഗുജറാത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കാന്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല.

Exit mobile version