ഈ സ്‌കൂളില്‍ ഫീസ് വേണ്ട, പകരം വേണ്ടതോ പ്ലാസ്റ്റികും! വ്യത്യസ്തമായി അക്ഷര്‍ ഫോറം സ്‌കൂള്‍

പാര്‍മിത ശര്‍മ്മയും മസീന്‍ മുക്താറും ചേര്‍ന്ന് 2016ലാണ് ഈ സ്‌കൂള്‍ തുടങ്ങിവെച്ചത്.

ഗുവാഹത്തി: പഠിക്കാനായി കുട്ടികളെ സ്‌കൂളില്‍ വിടണമെങ്കില്‍ ഒപ്പം നല്ല തുക കൂടി കെട്ടിവെക്കണം. ഫീസ് കൃത്യമായി അടച്ചില്ലെങ്കില്‍ അതിന്റെ ബുദ്ധിമുട്ട് കൂടും. ചിലയിടങ്ങളില്‍ ഫീസ് അടച്ചില്ലെങ്കില്‍ കുട്ടികളെ പുറത്ത് നിര്‍ത്തിയും മുട്ടില്‍ നിര്‍ത്തിയും ക്രൂരത കാണിക്കുന്ന സ്‌കൂള്‍ ഉണ്ട്. എന്നാല്‍ ഗുവാഹത്തിയിലെ പാമോഹി എന്ന ഗ്രാമത്തില്‍ സ്‌കൂളില്‍ പഠിക്കുന്നതിന് ഫീസ് വേണ്ട, പക്ഷേ വരി വരിയായി നിന്ന് ഫീസിന് പകരം പ്ലാസ്റ്റിക് കൊടുക്കണം, ബാഗും തൂക്കി വരുന്ന കുട്ടികളുടെ കൈയ്യില്‍ ഒരു കൂട് പ്ലാസ്റ്റിക് കവര്‍ കണ്ട് അമ്പരക്കേണ്ട, അവര്‍ വരുന്നത് സ്‌കൂളിലെ ‘ഫീസും’ ആയിട്ടാണ്. അക്ഷര്‍ ഫോറം എന്ന സ്‌കൂളിലാണ് ഈ കൗതുക കാഴ്ച.

പാര്‍മിത ശര്‍മ്മയും മസീന്‍ മുക്താറും ചേര്‍ന്ന് 2016ലാണ് ഈ സ്‌കൂള്‍ തുടങ്ങിവെച്ചത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ പഠിപ്പിച്ച് അവര്‍ക്കൊരു ജീവിത മാര്‍ഗം കണ്ടെത്തി നല്‍കുവാനാണ് ഈ സ്‌കൂള്‍ ലക്ഷ്യമിടുന്നത്. കുട്ടികളുടെ സ്വന്തം കഴിവുകളെയും മറ്റും പ്രോത്സാഹിപ്പിക്കാനും അക്ഷര്‍ ഫോറം എന്ന ഈ സ്‌കൂള്‍ ശ്രമം നടത്തുന്നുണ്ട്.

ഇപ്പോള്‍ കുട്ടികള്‍ക്ക് മുന്‍പില്‍ വെച്ചിരിക്കുന്ന പുതിയ പദ്ധതിയുടെ ഭാഗമാണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. റീ സൈക്കിളിങ്ങിന്റെ ഭാഗമായി കുട്ടികളോട് ഫീസിന് പകരം പ്ലാസ്റ്റിക് കൊണ്ടു വരാന്‍ ആവശ്യപ്പെടുകയായിരുന്നു. അക്ഷര്‍ ഫോറം സ്‌കൂളിന്റെ ഉപാദ്ധ്യക്ഷന്‍ പ്രിയോങ്ക്‌സു ബോര്‍താക്കൂര്‍ ആണ് പുതിയ പദ്ധതി വെളിപ്പെടുത്തിയത്. ആറ് മാസം മുന്‍പാണ് ഈ പദ്ധതി ആരംഭിച്ചത്. ആദ്യം വീടുകളിലെ പ്ലാസ്റ്റിക് ആണ് ശേഖരിച്ച് വന്നത്. പിന്നീട് ആ ജോലി കുട്ടികളെ ഏല്‍പ്പിക്കുകയായിരുന്നു. ഓരോരുത്തരും വരുമ്പോള്‍ വീടുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ടു വരണമെന്ന് നിര്‍ദേശം നല്‍കി.

ഈ പദ്ധതിയിലൂടെ പരിസ്ഥിതി സൗഹാര്‍ദമായി എങ്ങനെ ജീവിക്കണമെന്ന് കുട്ടികള്‍ക്ക് പരിശീലനം നല്‍കാന്‍ സാധിക്കുന്നുണ്ടെന്ന് ബോര്‍താക്കൂര്‍ പറയുന്നു. റീ സൈക്കിളിങ് പദ്ധതിയുടെ തുടക്കം മുതല്‍ അവസാനം വരെ മേല്‍നോട്ടം വഹിക്കുന്നത് കുട്ടികള്‍ തന്നെയാണ്. അവരാണ് ഒട്ടു മിക്ക വീടുകളിലും കയറി പ്ലാസ്റ്റിക് ശേഖരിക്കുന്നതും. സ്‌കൂളിലെ ഈ പദ്ധതി കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുകയും വീടുകളില്‍ ചെയ്യാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കുട്ടികളില്‍ നിന്ന് പ്ലാസ്റ്റിക് ശേഖരിക്കുമ്പോള്‍ അത് സ്‌കൂളിലെ ഫീസ് ഇനത്തിലാണ് സ്‌കൂള്‍ അധികൃതര്‍ കാണുന്നത്. സമീപ പ്രദേശങ്ങളില്‍ പ്ലാസ്റ്റികും മറ്റും കത്തിക്കുമ്പോഴുണ്ടാകുന്ന ശ്വാസതടസവും ബുദ്ധിമുട്ടും മറ്റും ഉണ്ടാവുന്നത് ഇപ്പോഴും ഓര്‍മ്മയിലുണ്ടെന്ന് പാര്‍മിത ശര്‍മ പറയുന്നു. ഈ സാഹചര്യത്തിലാണ് റീ സൈക്കിളിങ് പദ്ധതി ഇട്ടതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

പാമോഹി ഗ്രാമത്തില്‍ നിരവധി വീടുകളില്‍ നിരവധി പ്ലാസ്റ്റിക് മാലിന്യങ്ങളാണ് നിറയുന്നത്. ആ മാലിന്യങ്ങള്‍ കുട്ടികള്‍ കൊണ്ടു വന്ന് റീസൈക്കിളിങ് പദ്ധതി നടത്തുമ്പോള്‍ ദിവസം നല്ലൊരു തുക സമ്പാദിക്കാനും കഴിയുന്നുണ്ടെന്ന് അധികൃതര്‍ പറയുന്നു. പ്ലാസ്റ്റിക് ശേഖരണത്തിലൂടെ ഫീസ് ഇല്ലാതാകുമ്പോള്‍ സ്‌കൂള്‍ ലക്ഷ്യമിടുന്നത് കൂടുതല്‍ കുട്ടികളെയാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ആശ്വാസവുമാണ് ഇത്. അതേസമയം ഇന്ന് നേരിടുന്ന പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ച് കുട്ടികള്‍ക്ക് ക്ലാസും എടുത്ത് നല്‍കി പരിസ്ഥിതിയെകുറിച്ച് ഒരു അവബോധം കുട്ടികളില്‍ വാര്‍ത്തെടുക്കാനും സ്‌കൂള്‍ ശ്രമം നടത്തുന്നുണ്ട്.

കുട്ടികളെ ഒരു നിശ്ചിത പാഠ്യപദ്ധതിയുടെ അകത്ത് മാത്രം തളിച്ചിടാതെ അവരുടെ ഉള്ളിലെ കഴിവുകളെ കൂടി പുറത്തെത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. അതാണ് അക്ഷര്‍ ഫോറം എന്ന സ്‌കൂള്‍ മറ്റുള്ള സ്‌കൂളുകളില്‍ നിന്ന് വ്യത്യസ്തപ്പെട്ട് നില്‍ക്കുന്നത്. ഇവിടെ അധ്യാപകര്‍ മാത്രമല്ല പഠിപ്പിക്കുന്നത്, വിദ്യാര്‍ത്ഥികള്‍ പരസ്പരം പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഈ ചെറിയ ഗ്രാമം ചെറിയ പദ്ധതിയിലൂടെ മാറ്റങ്ങളുടെ പാതയിലാണ്.

Exit mobile version