സഹമന്ത്രിമാര്‍ ഉള്‍പ്പെടെ അറുപതിലധികംപേര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും, ശിവസേന ഒരു മന്ത്രിസ്ഥാനം ഉറപ്പാക്കി, രണ്ടാം ഊഴത്തിനൊരുങ്ങി മോഡി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡി രണ്ടാം ഊഴത്തിന് ഒരുങ്ങുകയാണ്. മോഡി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനൊരുങ്ങി രാജ്യതലസ്ഥാനം. വൈകിട്ട് ഏഴു മണിക്ക് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങുകളുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. മന്ത്രിമാരുടെ പട്ടികയ്ക്കും അന്തിമരൂപമായി. സഹമന്ത്രിമാര്‍ ഉള്‍പ്പെടെ അറുപതിലധികംപേര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ശിവസേന ഒരു മന്ത്രിസ്ഥാനം ഉറപ്പാക്കി. അരവിന്ദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്യും. രണ്ടു മന്ത്രി സ്ഥാനം കിട്ടുമെന്ന പ്രതീക്ഷയിലാണ് ജെഡിയു. രവിശങ്കര്‍ പ്രസാദ്, നരേന്ദ്ര സിങ് തോമര്‍, അര്‍ജുന്‍ റാം മേഘ്‌വാല്‍, ധര്‍മേന്ദ്ര പ്രധാന്‍, പ്രകാശ് ജാവഡേക്കര്‍, അനുപ്രിയ പട്ടേല്‍ തുടങ്ങിയവര്‍ മന്ത്രിമാരായി തുടരും. അമിത് ഷാ ബിജെപി ദേശീയ അധ്യക്ഷനായി തുടരുമെന്നതിനാല്‍ മന്ത്രിസഭയില്‍ അംഗമാകാന്‍ സാധ്യതയില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മന്ത്രിസഭയില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ തീരുമാനിച്ച അരുണ്‍ ജയ്റ്റ്‌ലിയെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളും തുടരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ട് ജയ്റ്റിലുമായി ചര്‍ച്ച നടത്തി.

അല്‍ഫോന്‍സ് കണ്ണന്താനം ഇത്തവണയും മന്ത്രിസഭയില്‍ ഇടംപിടിച്ചേക്കും. യുപിയിലെ ബറേലിയില്‍ നിന്നുള്ള എംപി സന്തോഷ് ഗാങ്വര്‍ പ്രോടെം സ്പീക്കറാകും. ബിജെപി ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം കുമ്മനം രാജശേഖരനും ഡല്‍ഹിയിലേക്ക് തിരിച്ചു. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നിയുക്ത മന്ത്രിമാരുമായി പ്രധാനമന്ത്രി അല്‍പസമയത്തിനകം കൂടിക്കാഴ്ച നടത്തും

Exit mobile version