സ്മൃതി ഇറാനിയുടെ അനുയായിയെ കൊലപ്പെടുത്തിയത് ബിജെപിക്കാരെന്ന് ഡിജിപി; കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യം, മൂന്ന് പേര്‍ അറസ്റ്റില്‍

അറസ്റ്റ് ചെയ്യപ്പെട്ട മൂന്ന് പേരില്‍ ഒരാളില്‍ നിന്ന് നാടന്‍ തോക്ക് കണ്ടെത്തിയിട്ടുണ്ട്.

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അമേഠിയില്‍ ബിജെപി നേതാവായ സ്മൃതി ഇറാനിയുടെ അടുത്ത അനുയായി കൊല്ലപ്പെട്ടതിനു പിന്നില്‍ ബിജെപിക്കാരെന്ന് ഉത്തര്‍പ്രദേശ് ഡിജിപിയുടെ വെളിപ്പെടുത്തല്‍. കൊലപാതകത്തിനു പിന്നില്‍ പ്രാദേശിക രാഷ്ട്രീയ വൈരാഗ്യമെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. രണ്ട് പേര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. അഞ്ച് പേര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയിരിക്കുന്നത്.

അറസ്റ്റ് ചെയ്യപ്പെട്ട മൂന്ന് പേരില്‍ ഒരാളില്‍ നിന്ന് നാടന്‍ തോക്ക് കണ്ടെത്തിയിട്ടുണ്ട്. ഇതുപയോഗിച്ചാണ് കൃത്യം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. അമേഠിയില്‍ സ്മൃതി ഇറാനിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം കൊടുത്തിരുന്നവരില്‍ പ്രധാനിയായിരുന്നു കൊല്ലപ്പെട്ട സുരേന്ദ്ര സിങ്. അമേഠിയിലെ ബറൗലിയയിലെ മുന്‍ ഗ്രാമമുഖ്യന്‍ കൂടിയായിരുന്നു സുരേന്ദ്ര സിങ്.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രതികളില്‍ ഒരാള്‍ക്ക് താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ കൊല്ലപ്പെട്ട സിങ്ങ് എതിര്‍ക്കുകയും മറ്റൊരാളെ പിന്തുണയ്ക്കുകയുമായിരുന്നു. കോണ്‍ഗ്രസിന്റെ സിറ്റിങ് മണ്ഡലമായ അമേഠിയില്‍ ബിജെപിക്ക് മേല്‍ക്കൈ ഉണ്ടാക്കിയതില്‍ മുഖ്യപങ്ക് വഹിച്ചയാളായതിനാലാണ് സുരേന്ദ്ര സിങിനെ കൊലപ്പെടുത്തിയതെന്ന് സ്മൃതി ഇറാനി ആരോപിച്ചിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ വീട്ടില്‍വെച്ചായിരുന്നു സുരേന്ദ്ര സിങിന് വെടിയേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Exit mobile version