കഞ്ചാവ് നിരോധനം നീക്കണം! നിരോധിച്ചതിലൂടെ വിശാലമായ വിപണി സാധ്യതയാണ് ഇന്ത്യ അടച്ചിട്ടത്;ബാബാ രാംദേവിന്റെ കമ്പനിയായ പതഞ്ജലി

ഹരിദ്വാര്‍: കഞ്ചാവിന്റെ നിരോധനം നീക്കണമെന്ന് വിവാദ യോഗാ ഗുരു ബാബാ രാംദേവിന്റെ കമ്പനിയായ പതഞ്ജലിയുടെ മേധാവി ആചാര്യ ബാലകൃഷ്ണ. പ്രാചീനകാലം മുതലേ ഇന്ത്യയില്‍ കഞ്ചാവ് ഔഷധമായി ഉപയോഗിക്കുന്നുണ്ടെന്നും, കഞ്ചാവിന്റെ ഔഷധമൂല്യത്തെപ്പറ്റി പതഞ്ജലി പഠനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ആചാര്യ ബാലകൃഷ്ണ പറഞ്ഞു.

ബ്രിട്ടിഷുകാരാണ് ഇന്ത്യയില്‍ കഞ്ചാവ് നിരോധിച്ചതെന്നും, കഞ്ചാവ് കൃഷിയും വ്യാപാരവും ഉപയോഗവും നിരോധിച്ചതിലൂടെ വിശാലമായ വിപണി സാധ്യതയാണ് ഇന്ത്യ അടച്ചിടുന്നതെന്നും ആചാര്യ ബാലകൃഷ്ണ കുറ്റപ്പെടുത്തി.

പല പടിഞ്ഞാറന്‍ രാജ്യങ്ങളിലും കഞ്ചാവ് ചെടിയില്‍ നിന്ന് പല മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും നിര്‍മ്മിക്കുന്നുണ്ടെന്നും ശരീരത്തിന് ഹാനികരമായ ലഹരിയുടെ ഘടകങ്ങള്‍ നീക്കം ചെയ്തതിന് ശേഷം കഞ്ചാവ് എങ്ങനെ ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കാം എന്നാണ് പതഞ്ജലി ഗവേഷണം നടത്തുന്നതെന്നും ആചാര്യ ബാലകൃഷ്ണ കൂട്ടിച്ചേര്‍ത്തു.

ഇത് ആദ്യമായിട്ടല്ല ആചാര്യ ബാലകൃഷ്ണ കഞ്ചാവ് നിയമവിധേയമാക്കണമെന്ന് അഭിപ്രായപ്പെടുന്നത്. കഞ്ചാവ് നിയമ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെയും ആചാര്യ ബാലകൃഷ്ണ രംഗത്ത് വന്നിരുന്നു.

Exit mobile version