നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞ മെയ് 30ന് വൈകീട്ട് ഏഴുമണിക്ക്; ലോക നേതാക്കളെ ക്ഷണിച്ച് ചടങ്ങ് വിപുലമാക്കാന്‍ ബിജെപി

ന്യൂഡല്‍ഹി;നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞ മെയ് 30 വ്യാഴാഴ്ച വൈകീട്ട് ഏഴുമണിക്ക് നടക്കുമെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് അറിയിച്ചു. രാഷ്ട്രപതി ഭവനിലാണ് ചടങ്ങ് നടക്കുക. രാഷ്ട്രപതി രാം നാഥ് കോവിന്ദ് ട്വീറ്റിലൂടെയാണ് സത്യപ്രതിജ്ഞ വിവരം അറിയിച്ചത്.


തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതിന് പിന്നാലെ ബിജെപി പാര്‍ലമെന്റ് പാര്‍ട്ടി യോഗം ഇന്നലെ മോഡിയെ നേതാവായി തെരഞ്ഞെടുത്തിരുന്നു. പിന്നാലെ ഇന്നലെ വൈകുന്നേരം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശ വാദവുമായി മോഡി രാഷ്ട്രപതിയെ കണ്ടിരുന്നു.

കഴിഞ്ഞ തവണത്തേക്കാള്‍ വിപുലമായ ചടങ്ങാവും രണ്ടാം മോഡി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. ലോക നേതാക്കളെ ക്ഷണിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതായിയും നേരത്തെ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തിരുന്നു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും റഷ്യന്‍ പ്രസിഡന്റ് വ്യാമിടിര്‍ പുടിനും എത്തിയേക്കുമെന്നും നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

സത്യപ്രതിജ്ഞയ്ക്കു മുന്‍പായി അമ്മയുടെ അനുഗ്രഹം വാങ്ങിയശേഷം, മോഡി നാളെ സ്വന്തം മണ്ഡലമായ വാരണാസിയിലേക്ക് പോകും. തനിക്ക് രണ്ടാമൂഴംനല്‍കിയ വാരണാസിയിലെ ജനങ്ങള്‍ക്ക് നന്ദി അറിയിക്കാനാണ് യാത്ര. തുടര്‍ന്ന് കാശിയില്‍ ക്ഷേത്രദര്‍ശനം നടത്തിയ ശേഷമാകും ഡല്‍ഹിയിലേക്കുള്ള മടക്കം.

Exit mobile version