ഐഎസ് ഭീകരര്‍ ശ്രീലങ്കയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് നീങ്ങിയതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഐഎസ് ഭീകരര്‍ ശ്രീലങ്കയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് നീങ്ങിയതായി റിപ്പോര്‍ട്ട്.
കേന്ദ്ര ഇന്റലിജന്‍സാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഇതേ തുടര്‍ന്ന് കേരള തീരദേശ മേഖലകള്‍ക്ക് കനത്ത ജാഗ്രത നിര്‍ദേശം നല്‍കി.

ശ്രീലങ്കയില്‍ നിന്ന് ബോട്ടില്‍ 15 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ലക്ഷദ്വീപിനെ ലക്ഷ്യമിട്ട് നീങ്ങിയെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ട്. ആക്രമണസാധ്യത കണക്കിലെടുത്ത് തീരദേശത്ത് സുരക്ഷ ശക്തമാക്കി. നാവികസേനയുടെയും തീരസേനയുടെയും പതിവ് പരിശോധനകള്‍ക്കുപുറമേ ചിലയിടങ്ങളില്‍ കര്‍ശന പരിശോധനകള്‍ക്കും നിര്‍ദേശമുണ്ട്. സേനയുടെ എല്ലാ കപ്പലുകളും ഡോര്‍ണിയര്‍ വിമാനങ്ങളും നിരീക്ഷണം നടത്തുന്നുണ്ട്. ആഴക്കടലിലും തീരക്കടലിലും പരിശോധന തുടരുന്നതായി വിഴിഞ്ഞം തീരസംരക്ഷണസേനയുടെ കമാന്‍ഡര്‍ വികെ വര്‍ഗീസ് പറഞ്ഞു. ബോട്ട് പട്രോളിങ് ശക്തമാക്കാനും കടലോര ജാഗ്രതാസമിതി അംഗങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും വിവരം നല്‍കണമെന്നും തീരസുരക്ഷാമേധാവി നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ ഭീകരസംഘത്തിന് കേരളത്തില്‍നിന്ന് ഏതെങ്കിലും വിധത്തിലുള്ള സഹായം കിട്ടിയോയെന്നും കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്.

ഈസ്റ്റര്‍ദിനത്തില്‍ ശ്രീലങ്കന്‍ പള്ളിയില്‍ സ്‌ഫോടനം നടത്തിയതിന് ശേഷം ഭീകരര്‍ കേരളത്തിലേക്ക് നീങ്ങിയതായി റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. തുടര്‍ന്ന് നടത്തിയ രഹസ്യാന്വേഷണത്തില്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഐഎസ് സംഘടനയിലെ കണ്ണികള്‍ പിടിയിലായിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ സംസ്ഥാനം കനത്ത ജാഗ്ര്തയില്‍ ആണ്.

വിദേശികളുടെ പ്രത്യേകിച്ച് ശ്രീലങ്കയില്‍ നിന്നുള്ളവരുടെ യാത്രാരേഖകളും മറ്റും ജാഗ്രതയോടെ നിരീക്ഷിക്കാന്‍ എമിഗ്രേഷന്‍ വിഭാഗത്തിന് നിര്‍ദേശം നല്‍കി. ശ്രീലങ്കയിലേക്ക് പോകുന്നതും അവിടെനിന്ന് വരുന്നതുമായ യാത്രക്കാരുടെ ലഗേജുകള്‍ കൂടുതല്‍ സമയമെടുത്ത് പരിശോധിക്കും. സംശയം തോന്നുന്നവരെ യാത്രചെയ്യാന്‍ അനുവദിക്കരുതെന്ന കര്‍ശന നിര്‍ദേശവുമുണ്ട്.

Exit mobile version