രാജ്യമെങ്ങും നെഞ്ചിടിപ്പില്‍; ഇ-മെയില്‍ അയച്ചും വന്ന മെയിലുകള്‍ക്ക് മറുപടി നല്‍കിയും തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞ ദിനത്തില്‍ കൂളായി മോഡി

ജനവിധി അനുകൂലമാണെന്ന ഉറച്ച വിശ്വാസം അപ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് പ്രകടമായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം അറിയുവാന്‍ രാജ്യമെങ്ങും ആകാംക്ഷയോടെയും നെഞ്ചിടിപ്പോടെയും നിന്നപ്പോള്‍ മോഡി കൂളായി മെയില്‍ ചെക്ക് ചെയ്യുന്ന തിരക്കിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഫലസൂചനകള്‍ പുറത്തുവന്നു തുടങ്ങിയ ആദ്യ മണിക്കൂറുകളില്‍ അദ്ദേഹം വോട്ടെണ്ണല്‍ വിവരങ്ങളിലേക്ക് ശ്രദ്ധതിരിച്ചതേയില്ല. വന്‍വിജയം ഉറപ്പാണെന്ന ആത്മവിശ്വാസമായിരുന്നു മോഡിയുടെ ശരീരഭാഷയിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

വോട്ടെണ്ണല്‍ ദിവസം പുലര്‍ച്ചെ മുതല്‍ ഇ-മെയിലുകള്‍ അയച്ചും ലഭിച്ച മെയിലുകള്‍ക്ക് മറുപടി അയച്ചും തിരക്കിലായിരുന്നു അദ്ദേഹം. പത്തരയോടെയാണ് ആ ജോലികള്‍ അത്രയും പൂര്‍ത്തിയാക്കി അദ്ദേഹം ഫലം അറിയന്‍ ടിവിക്ക് മുന്‍പില്‍ എത്തിയത്. വിവിധ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങളറിയാനും പാര്‍ട്ടി നേതാക്കളോട് ഫോണില്‍ സംസാരിക്കാനും ഈ സമയം അദ്ദേഹം വിനിയോഗിച്ചു.

ജനവിധി അനുകൂലമാണെന്ന ഉറച്ച വിശ്വാസം അപ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് പ്രകടമായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ബിജെപി വിജയം ഉറപ്പായതോടെ ഉച്ചയ്ക്ക് ശേഷമാണ് വിദേശ നേതാക്കളുടെ ഫോണ്‍ വിളികള്‍ വന്നുതുടങ്ങിയത്. അഭിനന്ദനങ്ങളറിയിച്ചുള്ള വിളികള്‍ക്ക് നന്ദി അറിയിച്ച അദ്ദേഹം പിന്നീട് ബിജെപി ആസ്ഥാനത്തേക്ക് പോയി. അവിടെ പ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും കണ്ടു. പാര്‍ട്ടി നേതാക്കളുമായി ഭാവി കാര്യങ്ങളില്‍ ചര്‍ച്ചയും നടത്തിയാണ് അന്നത്തെ ദിവസം അദ്ദേഹം അവസാനിപ്പിച്ചത്.

Exit mobile version