പ്രാദേശിക ഭരണകൂടം അനുമതി നിഷേധിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്ത ലണ്ടനിലെ അംബേദ്കര്‍ മ്യൂസിയം അടച്ചുപൂട്ടാന്‍ ഉത്തരവ്

മഹാരാഷ്ട്ര സര്‍ക്കാര്‍ 3.1 ദശലക്ഷം പൗണ്ട് ചെലവഴിച്ച് വാങ്ങിയ കെട്ടിടം 2015 നവംബര്‍ മാസത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തത്.

ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്ത ലണ്ടനിലെ അംബേദ്കര്‍ മ്യൂസിയം അടച്ചുപൂട്ടല്‍ ഭീഷണിയില്‍. മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ് ലണ്ടനിലുള്ള ഡോ ബിആര്‍ അംബേദ്കറുടെ സ്മാരകം. ഇവിടെ പ്രവര്‍ത്തിക്കുന്ന മ്യൂസിയത്തിന് പ്രാദേശിക ഭരണകൂടം അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് അടച്ചു പൂട്ടല്‍ വക്കിലെത്തി നില്‍ക്കുന്നത്.

മഹാരാഷ്ട്ര സര്‍ക്കാര്‍ 3.1 ദശലക്ഷം പൗണ്ട് ചെലവഴിച്ച് വാങ്ങിയ കെട്ടിടം 2015 നവംബര്‍ മാസത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തത്. കെട്ടിടം മ്യൂസിയമാക്കി നിലനിര്‍ത്താനാവില്ലെന്നും ഇവിടം താമസസ്ഥലമാക്കി ഉപയോഗിക്കാമെന്നുമാണ് പ്രാദേശിക ഭരണസമിതിയുടെ ഉത്തരവ്. മ്യൂസിയമാക്കിയ കെട്ടിടത്തില്‍ നിലവില്‍ താമസ സൗകര്യം ഉണ്ട്. ഇങ്ങനെയുള്ള കെട്ടിടത്തിന് മ്യൂസിയം ലൈസന്‍സ് നല്‍കാനാവില്ലെന്നാണ് സമിതി എടുത്തിരിക്കുന്ന നിലപാട്. അതേസമയം മറ്റൊരു കെട്ടിടം കണ്ടെത്താനുള്ള ശ്രമങ്ങളും വിഫലമായെന്നാണ് വിവരം.

മ്യൂസിയമാക്കിയ കെട്ടിടത്തിലേക്ക് താമസക്കാര്‍ക്കൊപ്പം നിരവധി പേര്‍ വരുന്നെന്നും ഇവര്‍ ബഹളമുണ്ടാക്കുന്നുവെന്നും അയല്‍വാസികളില്‍ നിന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. അംബേദ്കറിന്റെ കിടപ്പുമുറി പുനഃക്രമീകരിച്ച ശേഷം ഈ കെട്ടിടത്തിനകത്ത് ഇദ്ദേഹത്തിന്റെ പ്രതിമയും സ്ഥാപിച്ചിരുന്നു. മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലാണെങ്കിലും ഇതിന്റെ മേല്‍നോട്ടം വഹിക്കുന്നത് ഇന്ത്യന്‍ എംബസിയാണ്.

Exit mobile version