കാവല്‍ക്കാരന്‍ കള്ളനെന്ന് കോണ്‍ഗ്രസ് വിളിച്ചു, എന്നാല്‍ ജനങ്ങള്‍ ആ കാവല്‍ക്കാരനില്‍ വിശ്വാസമര്‍പ്പിച്ചു, ഏറ്റവും പ്രാപ്തനായ നേതാവിനെ തന്നെ തെരഞ്ഞെടുത്തുവെന്ന് ശിവസേന

തൊഴിലില്ലായ്മയും കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളുമാണ് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടിയത്

മുംബൈ: കാവല്‍ക്കാരന്‍ കള്ളനെന്ന് കോണ്‍ഗ്രസ് വിളിച്ചുവെങ്കിലും ജനങ്ങള്‍ കാവല്‍ക്കാരനില്‍ വിശ്വാസമര്‍പ്പിച്ചുവെന്ന് ശിവസേന. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മികച്ച വിജയം നേടിയതിനു പിന്നില്‍ തീര്‍ച്ചയായും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജനപ്രീതിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ നേതൃപാടവവുമാണെന്ന് ശിവസേന വ്യക്തമാക്കി.

കാവല്‍ക്കാരന്‍ കള്ളനെന്ന് കോണ്‍ഗ്രസ് പലതവണ പറഞ്ഞു. എന്നാല്‍ ജനങ്ങള്‍ ആ കാവല്‍ക്കാരനിലാണ് വിശ്വാസമര്‍പ്പിച്ചിരിക്കുന്നതെന്ന് ഇപ്പോള്‍ കോണ്‍ഗ്രസിന് മനസിലായിക്കാണും. തൊഴിലില്ലായ്മയും കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളുമാണ് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടിയത്. അവയ്ക്ക് പരിഹാരം കാണാന്‍ പ്രാപ്തനായ നേതാവിനെ ജനം തന്നെ തെരഞ്ഞെടുക്കുകയും ചെയ്‌തെന്ന് സാമ്‌നയിലെ മുഖപ്രസംഗത്തില്‍ ശിവസേന ചൂണ്ടിക്കാട്ടി.

അറുപത് വര്‍ഷങ്ങള്‍ കോണ്‍ഗ്രസിന് നല്‍കി, എന്തുകൊണ്ട് മോഡിക്ക് അഞ്ച് വര്‍ഷംകൂടി നല്‍കിക്കൂടയെന്ന് ജനം ചിന്തിച്ചു. എസ്പി – ബിഎസ്പി സഖ്യത്തിനോ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിക്കോ യുപിയില്‍ ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞില്ലെന്നും സാമ്‌നയിലെ മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

Exit mobile version