പരീക്കറുടെ മണ്ഡലത്തില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; വിജയം നേടി കോണ്‍ഗ്രസ്

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അതനാസിയോ മന്‍സെറാട്ടേയാണ് 1758 വോട്ടുകള്‍ക്ക് ബിജെപി സ്ഥാനാര്‍ത്ഥിയായ മുതിര്‍ന്ന നേതാവ് സിദ്ധാര്‍ത്ഥ് കുന്‍കാലിയേന്‍കറെ പരാജയപ്പെടുത്തിയത്

പനാജി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മണ്ഡലമായ പനാജിയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി കോണ്‍ഗ്രസ്. 25 വര്‍ഷമായി ബിജെപി വിജയം നേടി ഭരണം കൈപ്പിടിയില്‍ ഒതുക്കിയ പനാജിയില്‍, നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ചു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അതനാസിയോ മന്‍സെറാട്ടേയാണ് 1758 വോട്ടുകള്‍ക്ക് ബിജെപി സ്ഥാനാര്‍ത്ഥിയായ മുതിര്‍ന്ന നേതാവ് സിദ്ധാര്‍ത്ഥ് കുന്‍കാലിയേന്‍കറെ പരാജയപ്പെടുത്തിയത്. പനാജിയിലെ സീറ്റ് ഇത്തവണയും നിലനിര്‍ത്തുന്നതിനായി ബിജെപി കഠിന പരിശ്രമം നടത്തിയെങ്കിലും കോണ്‍ഗ്രസ് വിജയം നേടുകയായിരുന്നു.

എഎപിക്കു വേണ്ടി വാല്‍മീകി നായികും, ഗോവ സുരക്ഷാ മഞ്ചിന്റെ സുഭാഷ് വെലിന്‍കറും ഇവിടെ മത്സരരംഗത്തുണ്ടായിരുന്നു. ആകെ പോള്‍ ചെയ്ത വോട്ടില്‍ മന്‍സെറാട്ടേ 8,748 വോട്ടുകള്‍ നേടിയപ്പോള്‍, കുന്‍കാലിയേക്കര്‍ക്ക് 6,990 വോട്ടുകളാണ് ലഭിച്ചത്. മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറുടെ നിര്യാണത്തെ തുടര്‍ന്നാണ് പനാജിയില്‍ ഉപതെരഞ്ഞെടുപ്പ് നടത്തിയത്.

Exit mobile version