20 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന് യെദ്യൂരപ്പ; ലോക്‌സഭാ വോട്ടെണ്ണല്‍ അടുത്തിരിക്കെ ആശങ്ക ഇരട്ടിച്ച് കോണ്‍ഗ്രസ്-ജെഡിഎസ് ക്യാംപ്

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ ആശങ്കയിലാഴ്ത്തി മുന്‍ മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പയുടെ അവകാശവാദം.

ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ ആശങ്കയിലാഴ്ത്തി മുന്‍ മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പയുടെ അവകാശവാദം. എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് അനുകൂലമായതിന് പിന്നാലെ 20 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്നാണ് യെദ്യൂരപ്പ വാദിക്കുന്നത്. ഇതിനിടെ സഖ്യസര്‍ക്കാരിലും ഭിന്നത ഉയര്‍ന്നതോടെ കോണ്‍ഗ്രസ്- ജനതാദള്‍ (എസ്) സര്‍ക്കാരിന്റെ ഭാവി ആശങ്കയിലായി.

ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിളിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി പങ്കെടുക്കാതിരുന്നതും ഭിന്നത തുറന്നുകാണിക്കുന്നു. ഏഴ് തവണ എംഎല്‍എയും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവുമായ റോഷന്‍ ബെയ്ഗ് സംസ്ഥാന-കേന്ദ്ര നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തു വരികയും ചെയ്തിട്ടുണ്ട്. കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവുവും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും മോശം നേതാക്കളാണെന്നായിരുന്നു റോഷന്‍ ബെയ്ഗിന്റെ വിമര്‍ശനം.

അതേസമയം, കര്‍ണാടകയില്‍ സഖ്യസര്‍ക്കാരിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളും ബിജെപി പിടിച്ചെടുത്താല്‍ പ്രതിസന്ധിക്ക് ആക്കം കൂടും. ഉപതെരഞ്ഞെടുപ്പില്‍ രണ്ടുസീറ്റ് നേടുകയും ഭണപക്ഷത്തുനിന്ന് എട്ടുപേര്‍ രാജിവെക്കുകയും ചെയ്താല്‍ ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനാകും.

ആകെയുള്ള 224 സീറ്റില്‍ കോണ്‍ഗ്രസ്-78, ജനതാദള്‍ എസ്-37, ബിജെപി-104, ബിഎസ്പി-1, മറ്റുള്ളവര്‍-2 എന്നിങ്ങനെയാണ് കക്ഷിനില. കേവല ഭൂരിപക്ഷമായ 113 സീറ്റിലേക്കെത്താന്‍ ബിജെപിക്ക് ഒമ്പത് സീറ്റുകള്‍കൂടി മതി.

Exit mobile version