എക്സിറ്റ്പോളുകളില്‍ നിരാശരാവരുത്! തെറ്റിദ്ധാരണ പരത്തുകയാണ് എക്‌സിറ്റ് പോളുകളുടെ ലക്ഷ്യം; പാര്‍ട്ടി പ്രവര്‍ത്തകരോട് പ്രിയങ്ക ഗാന്ധി

തെറ്റിദ്ധാരണ പരത്തുകയാണ് എക്‌സിറ്റ് പോളുകളുടെ ലക്ഷ്യമെന്ന് പ്രവര്‍ത്തകരെ ഓര്‍മ്മപ്പെടുത്തിയ പ്രിയങ്ക വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ്ങ് റൂമുകളില്‍ നിരീക്ഷണം തുടരണമെന്നും ആവശ്യപ്പെട്ടു.

ന്യൂഡല്‍ഹി: എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ തളരരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് പ്രിയങ്ക ഗാന്ധി. തെറ്റിദ്ധാരണ പരത്തുകയാണ് എക്‌സിറ്റ് പോളുകളുടെ ലക്ഷ്യമെന്ന് പ്രവര്‍ത്തകരെ ഓര്‍മ്മപ്പെടുത്തിയ പ്രിയങ്ക വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ്ങ് റൂമുകളില്‍ നിരീക്ഷണം തുടരണമെന്നും ആവശ്യപ്പെട്ടു.

‘പ്രിയപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരേ, സഹോദരീ സഹോദരന്മാരെ. ഊഹാപോഹങ്ങളിലും എക്സിറ്റ്പോള്‍ ഫലങ്ങളിലും നിരാശരാവരുത്. നിങ്ങളുടെ നിശ്ചയദാര്‍ഢ്യത്തെ തകര്‍ക്കുന്നതിന് വേണ്ടിയുള്ളതാണിത്. നിങ്ങള്‍ ജാഗരൂകരായിരിക്കുക എന്നതാണ് പ്രധാനം. സ്ട്രോങ് റൂമുകള്‍ക്കും കൗണ്ടിങ് സ്റ്റേഷനുകള്‍ക്കും പുറത്ത് ഉണര്‍ന്നിരിക്കണം. നമ്മുടെ കൂട്ടായ പരിശ്രമങ്ങള്‍ക്ക് ഫലം ഉണ്ടാവുമെന്ന് ഉറപ്പുണ്ട്.’ പ്രിയങ്കാഗാന്ധി പറഞ്ഞു.

കഴിഞ്ഞ ദിവസം പുറത്തു വന്ന ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും എന്‍ഡിഎ അധികാരത്തില്‍ വരുമെന്നും നരേന്ദ്ര മോഡി വീണ്ടും ഭരണത്തില്‍ വരുമെന്നതുമാണ് പ്രവചിച്ചിരിക്കുന്നത്. 300ല്‍ അധികം സീറ്റുകള്‍ എന്‍ഡിഎക്ക് കിട്ടുമെന്ന് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും പറയുന്നു. എക്‌സിറ്റ് പോളുകള്‍ പുറത്തുവന്നതിന് പിന്നാലെ തിരക്കിട്ട കൂടിയാലോചനകളാണ് പ്രതിപക്ഷനിരയില്‍ നടക്കുന്നത്.

Exit mobile version