എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും ശുദ്ധമണ്ടത്തരങ്ങളാണ്! യഥാര്‍ത്ഥഫലം വരുന്നത് വരെ കാത്തിരിക്കാം;ഓസ്‌ട്രേലിയന്‍ തെരഞ്ഞെടുപ്പില്‍ തെറ്റിപ്പോയ 56 പ്രവചനങ്ങളെ ചൂണ്ടിക്കാട്ടി ശശി തരൂര്‍

ന്യൂഡല്‍ഹി; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മികച്ച വിജയം കൈവരിക്കുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ തള്ളി കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ രംഗത്ത്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലാം തെറ്റാണെന്ന് ശശി തരൂര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയില്‍ നടന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്ത് വന്ന 56 തെറ്റായ പ്രവചനങ്ങളെ ചൂണ്ടിക്കാട്ടിയാണ് ശശി തരൂര്‍ രംഗത്ത് വന്നത്.

‘എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം തെറ്റാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.ഓസ്ട്രേലിയയില്‍ കഴിഞ്ഞ ആഴ്ച്ച 56 എക്സിറ്റ് പോള്‍ ഫലങ്ങളാണ് തെറ്റാണെന്ന് തെളിഞ്ഞത്. ഇന്ത്യയിലെ ജനങ്ങള്‍ ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് വെളിപ്പെടുത്താറില്ല, പലപ്പോഴും അങ്ങനെ ചോദിക്കുന്നവര്‍ സര്‍ക്കാരില്‍ നിന്നുള്ളവാരാണെന്നാണ് അവര്‍ ഭയപ്പെടുന്നു. മേയ് 23 ന് യഥാര്‍ത്ഥഫലം വരുന്നത് വരെ കാത്തിരിക്കാമെന്നും ശശിതരൂര്‍ കുറിച്ചു. ട്വിറ്ററിലൂടെയായിരുന്നു എക്‌സിറ്റ് പോളുകളെ തള്ളി ശശി തരൂര്‍ രംഗത്ത് വന്നത്.


ഓസ്‌ട്രേലിയയില്‍ ആകെയുള്ള 151 സീറ്റുകളില്‍ 82 എണ്ണം പിടിച്ച് ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ വരുമെന്നായിരുന്നു 56 സര്‍വ്വേകളും പറഞ്ഞിരുന്നത്. എന്നാല്‍ 74 സീറ്റുകള്‍ നേടി ലിബറല്‍ പാര്‍ട്ടി ഭരണത്തില്‍ തുടരുകയായിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കഴിഞ്ഞ ദിവസം പുറത്ത് വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം എന്‍ഡിഎയ്ക്ക് ഭരണം വീണ്ടും ലഭിക്കുമെന്നായിരുന്നു. ഇതിനെ തള്ളിയാണ് ശശി തരൂര്‍ രംഗത്ത് വന്നത്.

Exit mobile version