വീണ്ടും മോഡി തരംഗം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നില്ല, എക്‌സിറ്റ്‌പോളില്‍ പ്രവചിച്ചതിലും തികച്ചും വിപരീതമായി വന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്; സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: മോഡി തരംഗം വീണ്ടും ഉണ്ടാകും എന്ന എക്‌സിറ്റ് പോളില്‍ വിശ്വസിക്കുന്നില്ലെന്ന് വ്യക്തമാക്കി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കഴിഞ്ഞ ദിവസം പുറത്ത് വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യാജമാണെന്നും അദ്ദേഹം വിലയിരുത്തി.

‘എക്‌സിറ്റ് പോള്‍ ഫലത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നില്ല, അത് കൃത്യമായ കണക്കുകളല്ല. ഇതുപോലെയായിരുന്നു ആസ്‌ട്രേലിയയില്‍ കഴിഞ്ഞ ദിവസം നടന്നത്. എക്‌സിറ്റ്‌പോളില്‍ പ്രവചിച്ചതിലും തികച്ചും വിപരീതമായിരുന്നു ശരിയായ ഫലം പുറത്തുവന്നപ്പോഴുണ്ടായത്. അതുകൊണ്ടുതന്നെ എക്‌സിറ്റ് പോള്‍ ഫലം ഗൗരവമായി എടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ സംഭവത്തില്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ആര്‍കെ ലക്ഷ്മണന്‍ വരച്ച ഒരു കാര്‍ട്ടൂണാണ് ഓര്‍മ്മ വരുന്നത്. തെറ്റായി വോട്ട് ചെയ്തതിന് ഭര്‍ത്താവിനെ ഭാര്യ ചീത്ത പറയാനൊരുങ്ങുമ്പോള്‍ ‘പേടിക്കേണ്ട എക്സിറ്റ് പോളില്‍ തെറ്റ് തിരുത്തിയിട്ടുണ്ട്’ എന്ന് ഭര്‍ത്താവ് പറയുന്നതാണ് കാര്‍ട്ടൂണ്‍. ഇതാണ് ഇന്ത്യന്‍ യാഥാര്‍ത്ഥ്യമെന്നും യെച്ചൂരി പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലുകളില്‍ കടുത്ത നിരാശയുണ്ടെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. താന്‍ തന്നെ നിരവധി പരാതികള്‍ കമ്മീഷന് നല്‍കിയിരുന്നു. അവയെല്ലാം ചട്ടലംഘനങ്ങളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മോഡിയുടെയും അമിത് ഷായുടെയും വിഷയത്തില്‍ കമ്മിഷന്റെ സുതാര്യത ചോദ്യം ചെയ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം മിക്ക മാധ്യമങ്ങളും എന്‍ഡിഎ സര്‍ക്കാര്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണം നിലനിറുത്തുമെന്ന് പ്രവചിച്ചിരുന്നു. കേരളത്തില്‍ യുഡിഎഫ് തരംഗമുണ്ടാകുമെന്നും ബിജെപി അക്കൗണ്ട് തുറക്കുമെന്നും മിക്ക സര്‍വേകളും പറയുന്നു. ലോക്സഭയിലെ 543 സീറ്റില്‍ ബിജെപി മുന്നണിയായ എന്‍ഡിഎയ്ക്ക് 280 മുതല്‍ 365വരെ സീറ്റുകളാണ് പ്രവചിക്കപ്പെട്ടത്. മൂന്നൂറ് കടക്കുമെന്ന് റിപ്പബ്ലിക് ടിവി, ടൈംസ് നൗ തുടങ്ങിയ 6 ചാനലുകളും 290 വരെ ന്യൂസ് നേഷനും 298 സീറ്റ് ന്യൂസ് എക്‌സും പ്രവചിക്കുന്നു.

Exit mobile version