കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസ്; സെയ്ഫിനും തബുവിനും സൊനാലിക്കും വീണ്ടും നോട്ടീസ് അയച്ച് രാജസ്ഥാന്‍ ഹൈക്കോടതി

സര്‍ക്കാര്‍ ഫയല്‍ ചെയ്ത അപ്പീലിലാണ് കോടതി വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്

ജയ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരങ്ങളായ സെയ്ഫ് അലിഖാനും തബുവിനും സൊനാലിക്കും ദുഷ്യന്ത് സിങിനും വീണ്ടും രാജസ്ഥാന്‍ ഹൈക്കോടതി നോട്ടീസ് അയച്ചു. നേരത്തേ വിചാരണ കോടതി ഇവരെ വെറുതെ വിട്ടിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ ഫയല്‍ ചെയ്ത അപ്പീലിലാണ് കോടതി വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്. രണ്ട് മാസത്തിന് ശേഷം കേസില്‍ ഹൈക്കോടതി വാദം കേള്‍ക്കും.

1998 ഒക്ടോബര്‍ ഒന്നിന് ഹം സാത് സാത് ഹേന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് സല്‍മാന്‍ഖാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയത്. ഈ കേസില്‍ സല്‍മാന്‍ ഖാന് കോടതി തടവുശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.

1972ലെ വന്യജീവി നിയമം 9, 51, ഐ.പി.സി 149 എന്നിവ പ്രകാരം സംരക്ഷിത വനമേഖലയില്‍ അനധികൃതമായി അതിക്രമിച്ചു കടന്നു, വംശനാശ ഭീഷണി നേരിടുന്ന ജീവിയെ വേട്ടയാടി കൊന്നു, ലൈസന്‍സ് ഇല്ലാത്ത ആയുധം ഉപയോഗിച്ച് വേട്ടയാടി എന്നീ വകുപ്പുകളാണ് ചുമത്തിയത്. 1998 ഒക്ടോബര്‍ ഒന്നിന് രാജസ്ഥാനിലെ കങ്കാണി ഗ്രാമത്തില്‍ വെച്ചാണ് സല്‍മാന്‍ രണ്ട് കൃഷ്ണമൃഗത്തെ വേട്ടയാടിയത്. സംഭവത്തില്‍ സല്‍മാന് പുറമെ സെയ്ഫ് അലി ഖാന്‍, തബു, നീലം കൊത്താരി, സോണാലി ബാന്ദ്രെ എന്നിവരും ഉണ്ടായിരുന്നു.

Exit mobile version