‘ ധ്യാനം ‘ കഴിഞ്ഞ് മോഡി പുറത്തിറങ്ങി, ഇനി ബദരീനാഥിലേക്ക്! തനിക്ക് വേണ്ടി ദൈവത്തോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല; ജനങ്ങള്‍ക്ക് നല്ലതുവരണേയെന്ന് പ്രാര്‍ത്ഥിച്ചെന്നും മോഡി

തനിക്കായി ദൈവത്തോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. രാജ്യത്തെ ജനങ്ങളുടെ ശാന്തിയും സമാധാനത്തിനും വേണ്ടിയാണ് പ്രാര്‍ത്ഥിച്ചത്.

കേദാര്‍നാഥ്: കേദാര്‍നാഥിലെ ധ്യാനവും ക്ഷേത്രദര്‍ശനവും കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോഡി പുറത്തിറങ്ങി. ദൈവത്തോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തനിക്കായി ദൈവത്തോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. രാജ്യത്തെ ജനങ്ങളുടെ ശാന്തിയും സമാധാനത്തിനും വേണ്ടിയാണ് പ്രാര്‍ത്ഥിച്ചത്. ആഹോരാത്രം പണിയെടുക്കുന്ന മാധ്യമങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിച്ചെന്ന് മോഡി അവകാശപ്പെട്ടു.

കേദാര്‍നാഥിലെ വികസനം പ്രകൃതിയ്ക്ക് അനുയോജ്യമായ രീതിയില്‍ പൂര്‍ത്തിയാക്കുമെന്നും മോഡി പറഞ്ഞു. ഇന്നലെയാണ് പ്രധാനമന്ത്രി കേദാര്‍നാഥിലെത്തിയത്. തുടര്‍ന്ന് അദ്ദേഹം കേദാര്‍നാഥിലെ ഗുഹയില്‍ രാത്രി മുഴുവന്‍ ധ്യാനത്തിലിരിക്കുകയാണെന്നാണ് അവകാശപ്പെട്ടത്.

നേരത്തെ കേദാര്‍നാഥില്‍ ഒരു മണിക്കൂര്‍ ധ്യാനം എന്നായിരുന്നു അറിയിപ്പ്. പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. സമുദ്രനിരപ്പില്‍ നിന്ന് 12200 അടി മുകളിലാണ് രുദ്ര ഗുഹ. മോഡിയുടെ ധ്യാനത്തിനായി പരിസരം മുഴുവന്‍ കനത്ത സുരക്ഷയായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. പരമ്പരാഗത പഹാഡി വസ്ത്രമണിഞ്ഞ്, രോമക്കമ്പിളി പുതച്ച് കേദാര്‍നാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് മോഡി രുദ്ര ഗുഹയിലെത്തി ധ്യാനം ആരംഭിച്ചത്.

ഔദ്യോഗികാവശ്യത്തിനുള്ള യാത്രയെന്ന് അറിയിച്ചതിനാലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പെരുമാറ്റ ചട്ടം നിലനില്‍ക്കുന്ന സമയത്ത് പ്രധാനമന്ത്രിക്ക് കേദാര്‍നാഥിലേക്കുള്ള യാത്രാമുമതി നല്‍കിയത്. മോഡിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് രുദ്രാ ഗുഹ നിര്‍മ്മിച്ചത്. വെട്ടുകല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച ഗുഹയ്ക്ക് ഏട്ടര ലക്ഷം രൂപ ചെലവായി.

Exit mobile version