ഗായത്രി മന്ത്രം കേട്ടാല്‍ പ്രസവ വേദന അനുഭവിക്കേണ്ടി വരില്ല;സര്‍ക്കാര്‍ ആശുപത്രികളിലെ പ്രസവ മുറികളില്‍ ഗായത്രി മന്ത്രം കേള്‍പ്പിക്കാന്‍ ഉത്തരവിട്ട് ചീഫ് മെഡിക്കല്‍ ഓഫീസര്‍; പ്രതിഷേധം

രാജസ്ഥാനിലെ രണ്ട് സര്‍ക്കാര്‍ ആശുപത്രികളിലാണ് ഗായത്രീ മന്ത്രം പ്രസവമുറിയില്‍ കേള്‍പ്പിക്കാനൊരുങ്ങുന്നത്.

ജയ്പൂര്‍: രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രികളിലെ പ്രസവ മുറികളില്‍ ഗായത്രി മന്ത്രം കേള്‍പ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. രാജസ്ഥാനിലെ രണ്ട് സര്‍ക്കാര്‍ ആശുപത്രികളിലാണ് ഗായത്രി മന്ത്രം പ്രസവമുറിയില്‍ കേള്‍പ്പിക്കാനൊരുങ്ങുന്നത്. ഇതിനെതിരെ വലിയതോതിലുള്ള ജനരോഷമാണ് ഉയരുന്നത്. പിന്നാലെ പ്രതിഷേധം അറിയിച്ച് മുസ്ലീം അവകാശപ്രവര്‍ത്തകര്‍ ആരോഗ്യമന്ത്രി രഘു ശര്‍മ്മയ്ക്ക് പരാതി നല്‍കി.

അതേസമയം, ഗായത്രിമന്ത്രം കേള്‍ക്കുന്നത് ഗര്‍ഭിണികളുടെ പ്രസവ വേദന കുറയ്ക്കുമെന്നാണ് ആശുപത്രി അധികൃതരുടെ വിചിത്രവാദം. നിലവില്‍ ജില്ലാ ആശുപത്രിയില്‍ ഗായത്രി മന്ത്രം കേള്‍പ്പിക്കുന്നുമുണ്ട്. ഇനി ഇത് ജയ്പൂരിലെ 20 ആരോഗ്യകേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനമായിരിക്കുന്നത്. ഗായത്രി മന്ത്രം കേട്ടാല്‍ പ്രസവവേദന ഒട്ടും അറിയില്ല എന്നതാണ് ഈ മന്ത്രത്തിന്റെ ഗുണമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ തേജ്‌റാം മീണ പറഞ്ഞിരുന്നു.

അതേസമയം, ആശുപത്രികള്‍ സ്വന്തം താല്‍പര്യപ്രകാരമാണ് ഗായത്രി മന്ത്രം കേള്‍പ്പിക്കുന്നതെന്നും ഇതിന് സര്‍ക്കാര്‍ നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.

Exit mobile version