ജിന്ന വിദ്യാസമ്പന്നന്‍; നെഹ്‌റുവിന് പകരം ജിന്നയായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി ആയിരുന്നതെങ്കില്‍ ഇന്ത്യ-പാകിസ്താന്‍ വിഭജനം നടക്കില്ലായിരുന്നു: വിവാദ പരാമര്‍ശവുമായി ബിജെപി സ്ഥാനാര്‍ത്ഥി

ആദ്യത്തെ പ്രധാനമന്ത്രിയാകാന്‍ നെഹ്‌റു പിടിവാശി കാണിച്ചെന്നും അതാണ് ജിന്നയെ പ്രധാനമന്ത്രി സ്ഥാനത്തു നിന്നും അകറ്റിയതെന്നും ദാമോര്‍ ആരോപിക്കുന്നു.

ഭോപ്പാല്‍: സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ പ്രധാനമന്ത്രിയായി ജവഹര്‍ലാല്‍ നെഹ്‌റുവിന് പകരം മുഹമ്മദ് അലി ജിന്ന വന്നിരുന്നെങ്കില്‍ ഇന്ത്യ-പാകിസ്താന്‍ വിഭജനം നടക്കില്ലായിരുന്നെന്ന് ബിജെപി സ്ഥാനാര്‍ത്ഥി. മധ്യപ്രദേശിലെ രത്ത്ലം ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ഗുമാന്‍ സിങ് ദാമോര്‍ ആണ് വിവാദ പരാമര്‍ശം നടത്തിയത്.

ആദ്യത്തെ പ്രധാനമന്ത്രിയാകാന്‍ നെഹ്‌റു പിടിവാശി കാണിച്ചെന്നും അതാണ് ജിന്നയെ പ്രധാനമന്ത്രി സ്ഥാനത്തു നിന്നും അകറ്റിയതെന്നും ദാമോര്‍ ആരോപിക്കുന്നു. മുഹമ്മദ് അലി ജിന്നയെ പ്രധാനമന്ത്രിയാകാന്‍ അനുവദിച്ചിരുന്നുവെങ്കില്‍ ഇന്ത്യ-പാക് വിഭജനം ഉണ്ടാകില്ലായിരുന്നു. ജിന്ന അഭിഭാഷകനും വ്യക്തമായ ധാരണയുള്ള വ്യക്തിയും ആയിരുന്നെന്നും ദാമോര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് യോഗത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ ആരോപണങ്ങള്‍. രാജ്യം വിഭജിക്കപ്പെട്ടതിന്റെ ഉത്തരവാദി കോണ്‍ഗ്രസാണെന്നും ദാമോര്‍ കുറ്റപ്പെടുത്തി.

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുകയാണ്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ്. ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് ഈ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.

Exit mobile version