ഫോനിക്ക് ശേഷം ഒഡീഷയില്‍ കനത്ത ചൂട്; വെള്ളവും വെളിച്ചവുമില്ലാതെ വലഞ്ഞ് ജനങ്ങള്‍

ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളില്‍ ഇതുവരെ ജല വിതരണവും വൈദ്യുതി ബന്ധവും പുനഃസ്ഥാപിക്കാനും സാധിച്ചിട്ടില്ല.

ഭുവനേശ്വര്‍: ഫോനി ചുഴലിക്കാറ്റ് ആഞ്ഞു വീശിയ ഒഡീഷയിലെ ജനങ്ങളുടെ ജീവിതം ദുരിതത്തില്‍. വെള്ളവും വൈദ്യുതിയുമില്ലാതെ ജനങ്ങള്‍ ഒന്നടങ്കം തെരുവിലേക്ക് ഇറങ്ങുകയാണ്. ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളില്‍ ഇതുവരെ ജല വിതരണവും വൈദ്യുതി ബന്ധവും പുനഃസ്ഥാപിക്കാനും സാധിച്ചിട്ടില്ല. അതിനിടെ, ദുരിതാശ്വാസം കൃത്യമായി എത്തിയില്ല എന്ന പരാതിയെ തുടര്‍ന്ന് ഒഡീഷ സര്‍ക്കാറിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് നല്‍കി.

ഫോനിക്ക് ശേഷം കനത്ത ചൂടാണ് ഒഡീഷയില്‍ അനുഭവപ്പെടുന്നത്. വൈദ്യുതി പുനഃസ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് വിവിധയിടങ്ങളില്‍ ജനം പ്രക്ഷോഭവുമായി രംഗത്തിറങ്ങി. ഭുവനേശ്വറിന് സമീപം ഛക്കില്‍ ആയിരങ്ങള്‍ റോഡ് ഉപരോധിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് 4.5 ലക്ഷം വൈദ്യുതി ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടിരുന്നു. പുരി നഗരത്തില്‍ മാത്രം 1.5 ലക്ഷം വൈദ്യുതി കാലുകള്‍ തകര്‍ന്നു.

അതേസമയം, പുരി, ഖുര്‍ദ, കട്ടക്ക്, ജഗത് സിങ്പൂര്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കേന്ദ്രം കൂടുതല്‍ മണ്ണെണ്ണ അനുവദിക്കണമെന്നും പണ ദൗര്‍ലഭ്യം ഒഴിവാക്കാനായി എടിഎമ്മുകളില്‍ കൂടുതല്‍ പണം ബാങ്കുകള്‍ നിക്ഷേപിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മേയ് മൂന്നിനാണ് ഒഡീഷയില്‍ ഫോനി ചുഴലിക്കാറ്റ് വീശിയടിച്ചത്.

Exit mobile version