അതിര്‍ത്തി ലംഘിച്ച് പാകിസ്താനില്‍ നിന്നുള്ള വിമാനം; പിന്തുടര്‍ന്ന് ജയ്പൂരില്‍ ഇറക്കിപ്പിച്ച് ഇന്ത്യന്‍ വ്യോമസേന

ജയ്പൂര്‍: ഇന്ത്യന്‍ വ്യോമപാത ലംഘിച്ച് പാകിസ്താനില്‍ നിന്നെത്തിയ കാര്‍ഗോ വിമാനത്തെ വ്യോമസേന വളഞ്ഞ് ജയ്പൂര്‍ വിമാനത്താവളത്തില്‍ ഇറക്കിപ്പിച്ചു. ആന്റണോവ് എഎന്‍-12 എന്ന് കാര്‍ഗോ വിമാനമാണ് ജയ്പൂരില്‍ ഇറക്കിപ്പിച്ചത്.

വിമാനം വ്യോമപാത ലംഘിച്ച് പറന്നു എന്ന് മനസിലാക്കിയ ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് വിമാനങ്ങള്‍ അതിനെ പിന്തുടരുകയും കാര്‍ഗോ വിമാനത്തിലെ പൈലറ്റുമാരുമായി ബന്ധപ്പെട്ട ശേഷം വിമാനം താഴെയിറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇന്ത്യന്‍ സൈന്യം വിമാനത്തെ വളഞ്ഞെന്ന് മനസിലാക്കിയ പൈലറ്റുമാര്‍ ഉടന്‍ തന്നെ ജയ്പൂര്‍ വിമാനത്താവളത്തില്‍ ഇറക്കി.

റാന്‍ ഓഫ് കച്ചിന് 70 കിലോമീറ്റര്‍ വടക്ക് മാറിയുള്ള വ്യോമപാതയിലേക്കാണ് വിമാനം കടന്നതെന്ന് വ്യോമസേന അറിയിച്ചു. യാത്രാ വിമാനങ്ങള്‍ക്ക് വിലക്കുള്ള വ്യോമപാതയാണിത്. 27000 അടി മുകളിലായിരുന്നു കാര്‍ഗോ വിമാനം.

ആദ്യം ഇന്ത്യന്‍ ഏജന്‍സികളുടെ റേഡിയോ കോളുകള്‍ക്ക് പൈലറ്റുമാര്‍ പ്രതികരിച്ചിരുന്നില്ല. തുടര്‍ന്ന് ഇന്ത്യയുടെ സുഖോയ് വിമാനം പിന്തുടരുകയായിരുന്നു. വൈകുന്നേരം 4.55നായിരുന്നു സംഭവം. വ്യോമസേന വിമാനം പരിശോധിച്ച് വരികയാണ് ജോര്‍ജ്ജിയയിലെ ടിബിലിസി വിമാനത്താവളത്തില്‍ നിന്നും കറാച്ചി വഴി ഡല്‍ഹിയിലേക്ക് വന്നതാണെന്നാണ് ജീവനക്കാര്‍ അറിയിച്ചത്.

അതേസമയം, വിമാനത്തെ കുറിച്ച് ദുരൂഹതകളില്ലെന്നും ജയ്പൂര്‍ അഡീഷണല്‍ പോലീസ് കമ്മീഷണര്‍ അറിയിച്ചു.

Exit mobile version