പരിശീലന പറക്കലിനിടെ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണു: രണ്ട് പൈലറ്റുമാര്‍ മരിച്ചു

ഹൈദരാബാദ്: തെലങ്കാനയില്‍ വ്യോമസേനയുടെ പരിശീലന വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചു. തെലങ്കാനയിലെ മേദക് ജില്ലയിലാണ് സംഭവം. ഹൈദരാബാദിലെ എയര്‍ഫോഴ്‌സ് അക്കാദമിയില്‍ നിന്ന് പതിവ് പരിശീലനത്തിനായി പറന്നുപൊങ്ങിയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകട കാരണം കണ്ടെത്താനായി സേന അന്വേഷണം തുടങ്ങി.

വ്യോമസേനയിലെ ഒരു പരിശീലകനും ഒരു ട്രെയിനി പൈലറ്റുമാണ് വിമാനത്തിലുണ്ടായിരുന്നത്. രണ്ട് പേരും മരിച്ചു. വ്യോമസേനയുടെ പിലാറ്റസ് പി.സി 7 എം.കെ II വിമാനമാണ് ഹൈദരാബാദ് എയര്‍ ഫോഴ്‌സ് അക്കാദമിയിലെ രാവിലത്തെ പരിശീലനത്തിനിടെ തകര്‍ന്നു വീണതെന്നും വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും ഗുരുതരമായി പരിക്കേറ്റ് മരണത്തിന് കീഴടങ്ങിയെന്നും വ്യോമസേന പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

ഒറ്റ എഞ്ചിനോടു കൂടിയ പിലാറ്റസ് പി.സി 7 എം.കെ II വിമാനം ഇന്ത്യന്‍ വ്യോമസേനയില്‍ പൈലറ്റുമാര്‍ക്ക് പ്രാഥമിക പരിശീലനം നല്‍കാനാണ് ഉപയോഗിക്കുന്നത്. അപകടത്തെ കുറിച്ചുള്ള വിശദമായ അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്.

Exit mobile version