വ്യോമസേനയുടെ ഭാഗമായി റഫാല്‍ യുദ്ധവിമാനങ്ങള്‍

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ന് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി. ആദ്യ ബാച്ചിലെ അഞ്ച് റഫാല്‍ യുദ്ധവിമാനങ്ങളാണ് ഇന്ന് ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്. ചടങ്ങുകളുടെ ഭാഗമായി സര്‍വ്വ ധര്‍മ്മ പൂജയും നടന്നു.

പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ നേതൃത്വത്തില്‍ അംബാലയിലെ വ്യോമസേനാ താവളത്തില്‍ വെച്ചാണ് ചടങ്ങുകള്‍ നടന്നത്. ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറന്‍സ് പാര്‍ലിയായിരുന്നു മുഖ്യാതിഥി.ചടങ്ങില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത്, വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ്. ഭദൗരിയ, പ്രതിരോധ സെക്രട്ടറി ഡോ. അജയ്കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.

കഴിഞ്ഞ ജൂലൈ 27നാണ് ആദ്യബാച്ചില്‍പ്പെട്ട അഞ്ച് റഫാല്‍ വിമാനങ്ങള്‍ ഫ്രാന്‍സില്‍നിന്ന് അംബാലയിലെത്തിയത്. മിറാഷ് യുദ്ധ വിമാനങ്ങളേക്കാള്‍ ശേഷിയുള്ള റഫാലിന് രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താന്‍ സാധിക്കും. പറക്കലില്‍ 25 ടണ്‍ വരെ ഭാരം വഹിക്കാനാകും. 59,000 കോടി രൂപയ്ക്കാണ് 36 വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങുന്നത്

Exit mobile version