‘പിന്നാക്ക ജാതിക്കാരനായല്ല ജനിച്ചത്, അതുകൊണ്ട് തന്നെ ജാതി വിവേചനത്തിന്റെ വേദന എന്താണെന്ന് മോഡിക്ക് അറിയില്ല’; മായാവതി

അദ്ദേഹം ജന്മം കൊണ്ട് പിന്നാക്കക്കാരനായിരുന്നെങ്കില്‍ ആര്‍എസ്എസ് ഒരിക്കലും മോഡിയെ പ്രധാനമന്ത്രിയാക്കുമായിരുന്നില്ല

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോഡി ജനിച്ചത് പിന്നാക്ക ജാതിക്കാരനായല്ലെന്നും അതുകൊണ്ട് തന്നെ മോഡിക്ക് ജാതി വിവേചനത്തിന്റെ വേദന എന്താണെന്ന് അറിയില്ലെന്നും ബിഎസ്പി അധ്യക്ഷ മായാവതി.

‘മോഡി സ്വയം പിന്നാക്ക ജാതിക്കാരനാണെന്ന് പറഞ്ഞാണ് ജാതിയെ കുറിച്ച് സംസാരിക്കുന്നത്. അദ്ദേഹം ജന്മം കൊണ്ട് പിന്നാക്കക്കാരനായിരുന്നെങ്കില്‍ ആര്‍എസ്എസ് ഒരിക്കലും മോഡിയെ പ്രധാനമന്ത്രിയാക്കുമായിരുന്നില്ല. കല്യാണ്‍ സിങ്ങിനെ പോലുള്ള നേതാക്കളോട് ആര്‍എസ്എസ് ചെയ്തത് എന്താണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്’ മായാവതി പറഞ്ഞു.

എസ്പി- ബിഎസ്പി സഖ്യത്തിനെതിരെ മോഡി ഉന്നയിച്ച ആരോപണത്തെയും മായാവതി തള്ളി. എസ്പി-ബിഎസ്പി സഖ്യം രാഷ്ട്രീയ നേട്ടത്തിനായി ജാതീയത ആയുധമാക്കുന്നുവെന്നായിരുന്നു മോഡിയുടെ ആരോപണം. എന്നാല്‍ ഇത് വെറും പരിഹാസ്യവും ബാലിശവുമാണെന്നാണ് മായാവതി പറഞ്ഞത്.

മോഡി സഖ്യത്തിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നതിന് മുമ്പ് ഗുജറാത്തിലേക്ക് ഒന്ന് നോക്കണം. അവിടെ ദളിതനെ ആത്മാഭിമാനത്തോടെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും സ്വന്തം വിവാഹത്തിന് പോലും ഒരു ദളിതന് കുതിരപ്പുറത്ത് കയറാന്‍ സമ്മതിക്കുന്നില്ലെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. ഗുജറാത്തില്‍ വിവാഹഘോഷയാത്രയില്‍ കുതിരപ്പുറത്ത് സഞ്ചരിച്ച ദളിത് വരന്റെ സമൂദായത്തിന് സാമൂഹിക വിലക്കാണ് ഏര്‍പ്പെടുത്തിയത്.

Exit mobile version