ഉജ്ജ്വല പദ്ധതിയുടെ ‘ബ്രാന്‍ഡ് അംബാസിഡര്‍’, പക്ഷേ പാചകത്തിന് ഇപ്പോഴും ആശ്രയം ചാണക വറളി തന്നെ; വെളിപ്പെടുത്തലുമായി ഗുഡ്ഡി ദേവി

2016ല്‍ കൊണ്ടുവന്ന പദ്ധതിയുടെ പോസ്റ്ററുകളില്‍ നിറഞ്ഞു നിന്ന വ്യക്തി ആയിരുന്നു ഗുഡ്ഡി ദേവി

ന്യൂഡല്‍ഹി: രാജ്യത്തെ ഗ്രാമീണ മേഖലയിലെ കുടുംബങ്ങള്‍ക്ക് പാചക വാതകം എത്തിക്കാനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതി ആയിരുന്നു ഉജ്ജ്വല പദ്ധതി. 2016ല്‍ കൊണ്ടുവന്ന പദ്ധതിയുടെ പോസ്റ്ററുകളില്‍ നിറഞ്ഞു നിന്ന വ്യക്തി ആയിരുന്നു ഗുഡ്ഡി ദേവി. പദ്ധതിയുടെ ആദ്യ ഉപയോക്താവ് കൂടിയായിരുന്നു ഗുഡ്ഡി ദേവി. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇവര്‍ക്ക് സിലിണ്ടര്‍ കൈമാറുന്ന ചിത്രമാണ് സര്‍ക്കാര്‍ ഇതിന്റെ പരസ്യത്തിനായി ഉപയോഗിച്ചത്.

എന്നാല്‍ വര്‍ഷം ഇത്ര കഴിഞ്ഞിട്ടും താന്‍ ഇപ്പോഴും പാചകത്തിന് ആശ്രയിക്കുന്നത് ചാണക വറളി തന്നെ ആണെന്നാണ് ഗുഡ്ഡി ദേവി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ബിബിസിയോട് ഇവര്‍ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് വ്യക്തമാക്കിയത്. പന്ത്രണ്ട് സബ്‌സിഡി സിലിണ്ടറുകളാണ് ഉജ്ജ്വല പദ്ധതി പ്രകാരം ഉപഭോക്താക്കള്‍ക്കു ഒരു വര്‍ഷം ലഭിക്കുക. എന്നാല്‍ മൂന്നുവര്‍ഷം എടുത്താല്‍ പോലും തനിക്ക് പന്ത്രണ്ട് സിലിണ്ടറുകള്‍ വാങ്ങാന്‍ സാധിക്കില്ലെന്നാണ് ഗുഡ്ഡി ദേവി പറയുന്നത്.

തങ്ങള്‍ക്ക് പാചകവാതകം സ്ഥിരം പാചകത്തിന് ഉപയോഗിക്കാന്‍ കഴിയില്ല. ഇപ്പോഴും ചാണകവറളിയാണ് പാചകത്തിന് ഉപയോഗിക്കുന്നത് എന്നാണ് ഗുഡ്ഡി ദേവി പറയുന്നത്. ഗ്രാമ പ്രദേശങ്ങളിലെ ദരിദ്രരായ കുടുംബങ്ങള്‍ക്ക് താങ്ങായിട്ടാണ് ഉജ്ജ്വല പദ്ധതി കൊണ്ടുവന്നതെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍ ഇപ്പോഴത്തെ ഗ്യാസിന്റെ വില എത്രയാണെന്നാണ് ഇവര്‍ തിരിച്ച് ചോദിക്കുന്നത്. ആദ്യത്തെ കണക്ഷന്‍ ലഭിക്കുമ്പോള്‍ ഗ്യാസിന്റെ വില 520 രൂപയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് 770 രൂപയാണ്. 770 രൂപ സിലിണ്ടറിനായി മുടക്കാന്‍ തങ്ങളുടെ പക്കലില്ലെന്നാണ് ഗുഡ്ഡി ദേവി അടക്കം ഉജ്ജ്വല പദ്ധതിയിലെ അംഗങ്ങള്‍ പറയുന്നത്. ഉജ്ജ്വല പദ്ധതിയില്‍ ഉള്‍പ്പെട്ട 30 ശതമാനം ഉപയോക്താക്കള്‍ മാത്രമേ വീണ്ടും സിലിണ്ടര്‍ നിറക്കാനായി ഗ്യാസ് ഏജന്‍സികളില്‍ എത്തുന്നുള്ളുവെന്നാണ് ഗ്യാസ് ഏജന്‍സി ഉടമകളും പറയുന്നു എന്നാണ് ബിബിസി തങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

Exit mobile version