ടിക്കറ്റ് റദ്ദു ചെയ്തതിന് റെയില്‍വെ ഇരട്ടിയോളം തുക ഈടാക്കി; രണ്ട് വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവില്‍ എഞ്ചിനീയറായ സുജീത്തിന് 33 രൂപ തിരിച്ചുനല്‍കി റെയില്‍വെ; ലാഭം 3.34 കോടി!

ജിഎസ്ടി നിലവില്‍ വരുന്നതിനു മുമ്പ് 2017 ഏപ്രിലിലാണ് സുജീത് ഇന്ത്യന്‍ റെയില്‍വേയില്‍ ടിക്കറ്റ് ബുക്ക് ചെയ്തത്.

ജയ്പൂര്‍: ഈ എഞ്ചിനീയറുടെ നിയമപോരാട്ടത്തിന്റെ കഥ കേട്ടാല്‍ ആരും ഒന്ന് അമ്പരക്കും. ഇന്ത്യന്‍ റെയില്‍വെയില്‍ നിന്നും ലഭിക്കാനുള്ള തുകയ്ക്കായി രണ്ടുവര്‍ഷമാണ് എഞ്ചിനീയറായ സുജീത് സ്വാമി നിയമപോരാട്ടം നടത്തിയത്. ഒടുവില്‍ ഇദ്ദേഹത്തിന് മുന്നില്‍ റെയില്‍വെ മുട്ടുമടക്കുകയും ചെയ്തു. പോരാട്ടം സഫലമായ സുജീത്തിന് ഇന്ത്യന്‍ റെയില്‍വേയില്‍ നിന്ന് 33 രൂപ തിരിച്ചു കിട്ടി. കോട്ടയിലാണ് സുജീത് ജോലി ചെയ്യുന്നത്. ജിഎസ്ടി നിലവില്‍ വരുന്നതിനു മുമ്പ് 2017 ഏപ്രിലിലാണ് സുജീത് ഇന്ത്യന്‍ റെയില്‍വേയില്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാല്‍, പിന്നീട് ടിക്കറ്റ് റദ്ദു ചെയ്യുകയായിരുന്നു. 2017 ജൂലൈ രണ്ടിലെ യാത്രയ്ക്ക് വേണ്ടിയായിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തത്. ജിഎസ്ടി നിലവില്‍ വന്നതിനു ശേഷമുള്ള തൊട്ടടുത്ത ദിവസമായിരുന്നു ഇത്.

കോട്ടയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് ഗോള്‍ഡന്‍ ടെമ്പിള്‍ മെയിലിലാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. 765 രൂപയായിരുന്നു വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റിന് മൊത്തം ചെലവായത്. ടിക്കറ്റ് റദ്ദു ചെയ്തപ്പോള്‍ 665 രൂപ മാത്രമാണ് തിരിച്ചു ലഭിച്ചത്. ടിക്കറ്റ് റദ്ദു ചെയ്യുന്നതിന് ഈടാക്കുന്ന 65 രൂപയ്ക്ക് പകരം സുജീതില്‍ നിന്ന് റെയില്‍വേ 100 രൂപ ഈടാക്കി. അധികമായി ഈടാക്കിയ 35 രൂപ തിരിച്ചു കിട്ടുന്നതിനു വേണ്ടിയായിരുന്നു കഴിഞ്ഞ രണ്ടുവര്‍ഷം നിയമപോരാട്ടത്തില്‍ സുജീത് ഏര്‍പെട്ടത്.

സേവനനികുതി ആയിട്ടായിരുന്നു 35 രൂപ സുജീതില്‍ നിന്ന് ഈടാക്കിയത്. എന്നാല്‍, ജിഎസ്ടി നിലവില്‍ വരുന്നിനു മുമ്പ് തന്നെ സുജീത് ടിക്കറ്റ് റദ്ദു ചെയ്തിരുന്നു. അതേസമയം, വിവരാവകാശം മുഖേന സുജീത് ചോദിച്ചപ്പോള്‍ ടിക്കറ്റ് ബുക്ക് ചെയ്തത് ജിഎസ്ടി വരുന്നതിന് മുമ്പായിരുന്നെന്നും എന്നാല്‍, ടിക്കറ്റ് റദ്ദു ചെയ്തത് ജിഎസ്ടി പ്രാബല്യത്തില്‍ വന്നതിനു ശേഷമാണെന്നും ആയിരുന്നു മറുപടി നല്‍കിയത്. ബുക്ക് ചെയ്യുന്ന സമയത്ത് ഈടാക്കുന്ന സര്‍വീസ് ടാക്‌സ് റദ്ദു ചെയ്യുമ്പോള്‍ തിരികെ നല്‍കില്ലെന്നും മറുപടി നല്‍കി. ക്ലറിക്കല്‍ ചാര്‍ജും (65) സേവനനികുതിയും (35) ഉള്‍പ്പെടെ 100 രൂപ അങ്ങനെയാണ് ഈടാക്കിയതെന്നും മറുപടി നല്‍കി.

എന്നാല്‍, പിന്നീട് ജൂലെ ഒന്നിനു മുമ്പ് ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്ക് ബുക്ക് ചെയ്ത സമയത്ത് ഈടാക്കിയ സേവന നികുതി തിരികെ നല്‍കാന്‍ തീരുമാനമായെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ 35 രൂപ തിരികെ ലഭിക്കുമെന്നും സുജീതിനെ അറിയിച്ചു. മെയ് ഒന്ന് 2019ന് രണ്ട് രൂപ കുറച്ച് 33 രൂപ സുജീതിന് ലഭിച്ചു. നിരന്തരമായ പോരാട്ടങ്ങള്‍ക്ക് ഒടുവിലാണ് തനിക്ക് 33 രൂപ തിരികെ ലഭിച്ചത്. ശല്യപ്പെടുത്തിയതിന് രണ്ടു രൂപ കുറച്ച് ബാക്കി 33 രൂപ ഐആര്‍സിടിസി നല്‍കുകയായിരുന്നു. അതേസമയം, 2018 ഏപ്രിലില്‍ സുജീത് ലോക് അദാലതിനെ സമീപിച്ചെങ്കിലും പരാതി പരിഗണിക്കപ്പെട്ടില്ല.

അതേസമയം, തനിക്ക് മാത്രമല്ല ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടതെന്ന് സുജീത് പറഞ്ഞു. വിവരാവകാശ രേഖ അനുസരിച്ച് ഒമ്പത് ലക്ഷം യാത്രക്കാര്‍ ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതിനു മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യുകയും ജിഎസ്ടി പ്രാബല്യത്തില്‍ വന്നതിനു ശേഷം ടിക്കറ്റ് റദ്ദു ചെയ്യുകയും ചെയ്തു. ഇവരില്‍ നിന്നെല്ലാം സേവനനികുതി കൂടി ഐആര്‍സിടിസി ഈടാക്കി. ഈ യാത്രക്കാരില്‍ നിന്ന് മാത്രം സേവന നികുതിയായി ഐആര്‍സിടിസിക്ക് ലഭിച്ചത് 3.34 കോടി രൂപയായിരുന്നു. ഇതില്‍ മിക്കവര്‍ക്കും ഇക്കാര്യത്തെപ്പറ്റി വ്യക്തമായ ധാരണയില്ലെന്നും സുജീത് പറയുന്നു.

Exit mobile version