ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടവും തുണച്ചില്ലെന്ന് റിപ്പോര്‍ട്ട്; ബിജെപി നേതൃത്വം അങ്കലാപ്പില്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ ബിജെപി ക്യാമ്പ് അങ്കലാപ്പില്‍. പതിനെഴാം ലോക്‌സഭയിലേക്കുള്ള 427 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഭരണം നിലനിര്‍ത്താന്‍ കഴിയുമോ എന്ന ആശങ്കയാണ് ബിജെപി ആര്‍എസ്എസ് ക്യാമ്പില്‍ നിന്ന് ഉയരുന്നത്. തെരഞ്ഞെടുപ്പ് തുടങ്ങുന്നതിന് മുമ്പ് ബിജെപി അനുകൂല തരംഗം ഉണ്ടെന്നും, മോഡി പ്രഭാവത്തില്‍ ഭരണം തുടരാമെന്നുമായിരുന്നു ബിജെപി വിലയിരുത്തല്‍.

എന്നാല്‍ 545 ലോക്‌സഭാ മണ്ഡലങ്ങളിലെ വലിയഭാഗം മണ്ഡലങ്ങളിലേയും തെരഞ്ഞെടുപ്പും പൂര്‍ത്തിയാകുമ്പോള്‍ തങ്ങളുടെ നില പരുങ്ങലിലാണെന്ന് ബിജെപി നേതൃത്വം മനസ്സിലാക്കുന്നുണ്ട്. അതിന്റെ ഭാഗമായി
ഇനി വരുന്ന ഘട്ടത്തില്‍ സീറ്റ് പിടിക്കുന്നതിനുള്ള നീക്കങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്. 169 സീറ്റുകളിലെക്കാണ് ഇനി തെരഞ്ഞെടുപ്പ് നടക്കാനുള്ളത്.

ഇത് കൂടാതെ പുതിയൊരു സംവിധാനം ലോക്‌സഭയില്‍ വന്നാല്‍ അതിലെ ഏതൊക്കെ പാര്‍ട്ടിയെ കൂടെനിര്‍ത്തി അധികാരം നിലനിര്‍ത്താന്‍ കഴിയുമെന്ന ചര്‍ച്ചകളും ബിജെപി ആര്‍എസ്എസ് നേതൃത്വത്തില്‍ നടക്കുന്നുണ്ട്. അതില്‍ മഹാഗഡ് ബന്ദന്റെ ഭാഗമായ ബിഎസ്പി അടക്കമുള്ള പാര്‍ട്ടികളെ കൂടെ കൂട്ടാന്‍ ബിജെപി നേതൃത്വം ശ്രമിക്കുന്നുണ്ട്.

ഇത് വരെ പോളിങ് അവസാനിച്ച ഒഡീഷാ, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകളും ബിജെപിക്ക് അനുകൂലമല്ല. മഹാരാഷ്ട്രയിലെ 48 സീറ്റില്‍ 41 സീറ്റും കഴിഞ്ഞ തവണ ബിജെപി ശിവസേന സഖ്യം തൂത്ത് വാരിയിരുന്നു. കര്‍ഷക പ്രക്ഷോഭം, സര്‍ക്കാര്‍ വിരുദ്ധ വികാരം ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് മഹാരാഷ്ട്രയില്‍ നിന്ന് കിട്ടുന്ന വിവരം. അതിനാല്‍ മഹാരാഷ്ട്രയില്‍ ബിജെപി കനത്ത തിരിച്ചടി നേരിട്ടെക്കും.

ഒഡീഷയില്‍ നവീന്‍ പഠ്‌നായിക് ഭരണത്തെ മറികടക്കാന്‍ ബിജെപി കഴിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സീറ്റുകളുടെ എണ്ണത്തില്‍ രണ്ടക്കം പോലും എത്തില്ലെന്നാണ് സൂചന. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്ന ഒഡീഷയില്‍ ബിജെപി കനത്ത പരാജയം ഏറ്റ് വാങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അഞ്ചാം ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ 120-130 സീറ്റുകള്‍ക്ക് അപ്പുറം നേടാന്‍ കഴിയില്ലെന്നാണ് ബിജെപി നേതൃത്വത്തിന് തന്നെ ലഭിച്ചിരിക്കുന്ന വിവരം. ഇനി വരാനിക്കുന്ന ഘട്ടത്തില്‍ പകുതിയില്‍ അധികം സീറ്റുകള്‍ നേടിയാലും ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ ഏറാന്‍ കഴിയില്ലെന്നതും ബിജെപി ക്യാമ്പിനെ ആശങ്കയില്‍ ആഴ്ത്തുന്നുണ്ട്.

ഈ ആശങ്ക ബിജെപി നേതാവ് രാംമാധവും പങ്ക് വച്ചിരുന്നു. ‘ബിജെപിക്ക് ഒറ്റയ്ക്ക് ഭരിക്കന്‍ പറ്റിയാല്‍ സന്തോഷമുണ്ടാകും, എന്നാല്‍ സഖ്യകക്ഷികളോടൊപ്പം ഭരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ’ എന്ന് രാംമാധവ് പറഞ്ഞിരുന്നു. ഒറ്റക്ക് ഭരണം നടത്തുമെന്ന പ്രതീക്ഷ ബിജെപി എന്തായാലും വെച്ച് പുലര്‍ത്തുന്നില്ല എന്ന് രാംമാധവിന്റെ പ്രസ്താവനയില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. കൂടാതെ സഖ്യകക്ഷികളെ ഒപ്പം കൂട്ടിയാല്‍ പോലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയും എന്ന ആത്മവിശ്വാസം പോലും രാം മാധവിന്റെ വാക്കുകളില്‍ ഇല്ലെന്നതും ബിജെപി പരാജയ ഭീതിയിലാണെന്നതിന് ഉത്തമ ഉദാഹരണമാണ്. പ്രത്യേകിച്ചും റാംമാധവിനെ പോലെ ആര്‍എസ്എസിന്റെ ഉന്നത നേതാവായിരുന്ന ഇപ്പോള്‍ ബിജെപിയുടെ സംഘടനാ നേതൃത്വത്തെ നിയന്ത്രിക്കുന്നതിന് വേണ്ടി ആര്‍എസ്എസ് തന്നെ നിയമിച്ച വ്യക്തി പറയുമ്പോള്‍.

ഏതായാലും 200 അധികം സീറ്റുകള്‍ ബിജെപി നേടി കഴിഞ്ഞാല്‍ പ്രദേശിക പാര്‍ട്ടികളെ ചാക്കിലാക്കി അധികാരത്തില്‍ വരിക എന്ന ലക്ഷ്യത്തിലാണ് ബിജെപി നേതൃത്വം ഇപ്പോള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്.

Exit mobile version