ഇത്തവണ ആരു ഭരിക്കും? അസാധാരണ നീക്കവുമായി പ്രതിപക്ഷവും പ്രാദേശിക പാര്‍ട്ടികളും

ഭരണത്തില്‍ ഇരിക്കുന്ന ബിജെപിക്ക് എന്തായാലും ഒറ്റയ്ക്ക് ഭരിക്കാന്‍ ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍

ന്യൂഡല്‍ഹി: ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ തന്നെ ഭാവി നിര്‍ണയിക്കുന്നതാണ്. അഞ്ച് ഘട്ട തെരഞ്ഞെടുപ്പ് പൂര്‍ത്തിയായിരിക്കുന്ന ഈ സാഹചര്യത്തില്‍ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യമാണ് ലോക്‌സഭയില്‍ വരാന്‍ പോകുന്നത്. നിലവില്‍ ഭരണത്തില്‍ ഇരിക്കുന്ന ബിജെപിക്ക് എന്തായാലും ഒറ്റയ്ക്ക് ഭരിക്കാന്‍ ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. അതേ സമയം പ്രതിപക്ഷമായ കോണ്‍ഗ്രസിനും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് വിലയിരുത്തല്‍. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടി പരമാവധി സീറ്റുകള്‍ നേടണമെന്ന രീതിയില്‍ മത്സര രംഗത്ത് ഉണ്ടെങ്കിലും 200 സീറ്റുകള്‍ക്ക് മുകളില്‍ നേടി ചിലരുടെ മാത്രം പിന്തുണ നേടി ഭരണത്തില്‍ കയറാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന വിലയിരുത്തലുകളുണ്ട്. ഈ സാഹചര്യത്തില്‍ പ്രാദേശിക കക്ഷികളായിരിക്കും ഇതിലെ പ്രധാന ഘടകങ്ങളാകുക.

ഈയൊരു സാഹചര്യം മുന്നില്‍ കണ്ട്് തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ രാഷ്ട്രപതിയെ കാണണമെന്ന് പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടായ്മ ഒരു ധാരണയില്‍ എത്തിയിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കുക എന്ന കീഴ്‌വഴക്കത്തിലേക്ക് പോകരുതെന്നാണ് രാജ്യത്തെ 21 പ്രധാന പ്രാദേശിക പാര്‍ട്ടികള്‍, പ്രേത്യേകിച്ച് ബിജെപിയെ എതിര്‍ക്കുന്ന പാര്‍ട്ടികള്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടുക.

പാര്‍ലമെന്റില്‍ ഒരു പ്രത്യേക പാര്‍ട്ടിയെ സര്‍ക്കാന്‍ രൂപീകരിക്കാന്‍ ക്ഷണിച്ചാല്‍ പിന്നീട് അവര്‍ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ പല രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണ നേടിയെടുക്കാന്‍ സാധിക്കും എന്നതാണ് വസ്തുത. ഇത് കൂടി മുന്നില്‍ കണ്ടാണ് പ്രാദേശിക പാര്‍ട്ടികള്‍ ഇത്തരത്തിലൊരു ധാരണയില്‍ എത്തിയിരിക്കുന്നത്. ഇതിന് പുറമെ ബിജെപിയെ തടയുക എന്ന ലക്ഷ്യവും പ്രാദേശിക പാര്‍ട്ടികള്‍ക്ക് ഉണ്ട്. കാരണം ബിജെപിക്ക് ഒരു അവസരം ലഭിച്ചാല്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള പല മാര്‍ഗങ്ങളിലേക്കും അവര്‍ പോകുമെന്ന കാര്യം ഉറപ്പാണ്. 1998 കെആര്‍ നാരായണന്‍ രാഷ്ട്രപതി ആയിരുന്ന സമയത്ത് ബിജെപിയെ അത്തരത്തില്‍ ക്ഷണിക്കുന്നതിന് മുന്‍പ് ഭൂരിപക്ഷം തെളിയിക്കുന്ന രൂപത്തില്‍ ഒരു കത്ത് നല്‍കണമെന്ന് പറഞ്ഞാണ് അന്ന് വാജ്‌പേയിയെ ക്ഷണിച്ചത്. അത്തരത്തില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള ഒരു സാഹചര്യം പ്രാദേശിക പാര്‍ട്ടികള്‍ക്ക് നല്‍കണമെന്നാണ് ആവശ്യം. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന പരിഗണനയില്‍ ആരെയും ക്ഷണിക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ഉടന്‍ രാഷ്ട്രപതിയെ കാണാനാണ് പ്രാദേശിക പാര്‍ട്ടികളുടെ തീരുമാനം. പ്രധാനമായും ബിജെപിയെ തടയുക എന്നത് തന്നെയാണ് ഇവരുടെ ലക്ഷ്യവും. അതുകൊണ്ട് തന്നെ കാലങ്ങളായി തുടര്‍ന്നു വരുന്ന ചില കീഴ്‌വഴക്കങ്ങള്‍ക്ക് മാറ്റങ്ങള്‍ സംഭവിക്കാനുള്ള ഒരു സാഹചര്യം ഈ പ്രാവശ്യത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ ഉണ്ടാവാനാണ് സാധ്യത.

Exit mobile version