തന്നെ കണ്ടപ്പോള്‍ വണങ്ങിയില്ല; രാഷ്ട്രീയ നേതാവ് പെട്ടിക്കടക്കാരന്റെ ബൈക്ക് കത്തിച്ച് പ്രതികാരം തീര്‍ത്തു!

അരുണും കൂട്ടാളികളും വഴിയില്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നെന്ന് ഉമാകാന്ത് പറയുന്നു.

ഹൈദരാബാദ്: തന്നെ കണ്ടപ്പോള്‍ നമസ്‌കാരം പറയാന്‍ മടിച്ചെന്ന കാരണം പറഞ്ഞ് പാന്‍ കടക്കാരന്റെ ബൈക്ക് കത്തിച്ച് ടിആര്‍എസ് നേതാവ്. ജൂബിലി ഹില്‍സിലുള്ള റഹ്മത്ത് നഗറിലാണ് സംഭവം. തെലങ്കാനയിലെ ടിആര്‍എസ് നേതാവ് കെ അരുണ്‍കുമാറിനെതിരെയാണ് പാന്‍മസാല കടക്കാരനായ ഉമാകാന്ത് പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന തന്നെ അരുണും കൂട്ടാളികളും വഴിയില്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നെന്ന് ഉമാകാന്ത് പറയുന്നു. അരുണിനെക്കണ്ടിട്ട് ഉമാകാന്ത് നമസ്‌കാരം പറഞ്ഞില്ല എന്ന് ആരോപിച്ചായിരുന്നു തര്‍ക്കവും ഭീഷണിയും.

മദ്യലഹരിയിലായിരുന്ന അരുണ്‍ കുമാര്‍ കത്തി കാട്ടി തന്നെ ഭീഷണിപ്പെടുത്തിയെന്നും വാഗ്വാദത്തിനൊടുവില്‍ തന്റെ ബൈക്കിന് അരുണും കൂടെയുള്ളവരും ചേര്‍ന്ന് തീയിട്ടെന്നും ഉമാകാന്ത് പോലീസിനോട് പറഞ്ഞു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലിസിന് മുമ്പില്‍ വച്ചും അരുണ്‍കുമാര്‍ ഉമാകാന്തിനോട് വഴിക്കിട്ടിരുന്നു. പോലീസ് ഇടപെട്ടതോടെയാണ് ഇയാള്‍ പിന്തിരിഞ്ഞത്.

ബൈക്കിന് തീയിടുന്ന ദൃശ്യങ്ങള്‍ ആരോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലാവുകയും കൂടുതല്‍ അന്വേഷണത്തിന് പോലീസ് തയ്യാറാവുകയുമായിരുന്നു.

Exit mobile version