തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് ലംഘിച്ച് പ്രചാരണം; പ്രജ്ഞാ സിങ് താക്കൂറിന് വീണ്ടും നോട്ടീസ്

തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൂന്ന് ദിവസത്തെ വിലക്ക് തീരും മുന്‍പേ പ്രജ്ഞ സിങ് പ്രചാരണത്തിന് ഇറങ്ങിയെന്ന പരാതിയിലാണ് നോട്ടീസയച്ചത്.

ഭോപ്പാല്‍: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് നിലനില്‍ക്കെ അത് ലംഘിച്ച് പ്രചാരണത്തിന് ഇറങ്ങിയ ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞ സിങ് താക്കൂറിനെതിരെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ നോട്ടീസ് അയച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൂന്ന് ദിവസത്തെ വിലക്ക് തീരും മുന്‍പേ പ്രജ്ഞ സിങ് പ്രചാരണത്തിന് ഇറങ്ങിയെന്ന പരാതിയിലാണ് നോട്ടീസയച്ചത്. ബാബ്‌റി മസ്ജിദ് തകര്‍ക്കാന്‍ താനും ഉണ്ടായിരുന്നു അതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന പ്രസ്താവനയുടെ പേരിലാണ് പ്രജ്ഞ സിങിനെ 72 മണിക്കൂര്‍ നേരത്തെ പ്രചാരണത്തില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയത്.

വിലക്കേര്‍പ്പെടുത്തിയതിനൊപ്പം ഇത് ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പും കമ്മീഷന്‍ പ്രജ്ഞയ്ക്കു നല്‍കിയിരുന്നു. മേയ് രണ്ടിന് രാവിലെ ആറുമണിക്കാണു വിലക്ക് നിലവില്‍ വന്നത്.

മലേഗാവ് സ്ഫോടനം നടത്തിയെന്ന ആരോപണം നേരിടുന്ന ഹിന്ദു ഭീകരവാദ ഗ്രൂപ്പിന്റെ ഭാഗമായ പ്രജ്ഞാ സിങ് താക്കൂറിനെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിലെ മുഖ്യപ്രതിയാണ് അവര്‍. സ്ഫോടകവസ്തുക്കള്‍ ഘടിപ്പിക്കാന്‍ പ്രജ്ഞയുടെ ബൈക്കായിരുന്നു ഉപയോഗിച്ചിരുന്നത്. കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രജ്ഞ ബിജെപിയില്‍ ചേരുകയും ഭോപ്പാലില്‍ സ്ഥാനാര്‍ത്ഥിയാവുകയുമായിരുന്നു. മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിങ്ങാണ് ഭോപ്പാലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

Exit mobile version