അഞ്ച് വര്‍ഷം, എന്താണ് ചെയ്തത്…? ബിജെപി സ്ഥാനാര്‍ത്ഥിയോട് ചോദ്യവുമായി വോട്ടര്‍മാര്‍, ഭാരത് മാതാ കീ ജയ് വിളിച്ച് തടിയൂരി നേതാവ്, വീഡിയോ

വോട്ടറുടെ ചോദ്യത്തിന് മറുപടി ഇല്ലാതായതോടെ പരസ്പര ബന്ധമില്ലാത്ത മറ്റ് കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് അദ്ദേഹം വിഷയത്തില്‍ നിന്ന് തെന്നിമാറി.

ന്യൂഡല്‍ഹി: അഞ്ച് വര്‍ഷം, എന്താണ് ചെയ്തത്…? തെരഞ്ഞെടുപ്പ് മുന്നോടിയായുള്ള ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ബിജെപി സ്ഥാനാര്‍ത്ഥിയോട് വോട്ടര്‍മാര്‍ക്ക് ചോദിക്കാനുണ്ടായത് ഇത് മാത്രമായിരുന്നു. എന്നാല്‍ ചോദ്യം കേട്ടപ്പാടെ ഭാരത് മാതാ കീ ജയ് വിളിച്ച് നേതാവ് പതിയെ അവിടെ നിന്നും തലയൂരി.

പശ്ചിമ ഡല്‍ഹിയിലെ സ്ഥാനാര്‍ത്ഥിയായ പര്‍വേഷ് സാഹിബാണ് അഞ്ച് വര്‍ഷത്തിനിടെ മണ്ഡലത്തില്‍ എന്തുചെയ്തെന്ന വോട്ടറുടെ ചോദ്യത്തിന് മുന്‍പില്‍ ഉത്തരം മുട്ടിപോയത്. സ്വന്തം മണ്ഡലത്തില്‍ വോട്ടമാരുമായി കൂടിക്കാഴ്ചക്കെത്തിയ ഇദ്ദേഹം ഓരോരുത്തരുടേയും ചോദ്യത്തിന് മറുപടി നല്‍കുന്ന സമയത്താണ് അഞ്ച് വര്‍ഷത്തില്‍ മണ്ഡലത്തില്‍ എന്തു ചെയ്തുവെന്ന ചോദ്യം ഉയര്‍ന്നത്. ചെറിയ വേദിയില്‍ കയറി നിന്നുകൊണ്ടായിരുന്നു സ്ഥാനാര്‍ത്ഥി വോട്ടര്‍മാരെ അഭിസംബോധന ചെയ്തത്.

വോട്ടറുടെ ചോദ്യത്തിന് മറുപടി ഇല്ലാതായതോടെ പരസ്പര ബന്ധമില്ലാത്ത മറ്റ് കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് അദ്ദേഹം വിഷയത്തില്‍ നിന്ന് തെന്നിമാറി. ചോദ്യത്തിന് മറുപടി ലഭിച്ചില്ലെന്ന് വോട്ടര്‍ ആവര്‍ത്തിച്ചപ്പോള്‍ അദ്ദേഹം വേദിയില്‍ നിന്ന് കൂടിനിന്ന ആളുകളോട് ഭാരത് മാതാ കീ ജയ് എന്ന് ഉറക്കെ വിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് കേട്ട് എല്ലാവരും ഉച്ചത്തില്‍ ഭാരത് മാതാ കീ ജയ് എന്ന് വിളിക്കുകയും ചെയ്തു. പതിയെ അവിടെ നിന്നും മുങ്ങുകയും ചെയ്തു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തുകൊണ്ട് നിരവധി പേര്‍ ബിജെപിയെ ട്രോളി രംഗത്തെത്തിയിട്ടുണ്ട്. പ്രധാനപ്പെട്ട ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ ഉത്തരം മുട്ടുമ്പോള്‍ ദേശീയതയെ കൂട്ടുപിടിച്ച് രക്ഷപ്പെടുകയാണ് ബിജെപിക്കാര്‍ എന്നും പരിഹാസങ്ങള്‍ ഉയരുന്നുണ്ട്. യഥാര്‍ത്ഥ പ്രശ്നങ്ങളെ കുറിച്ച് ചോദിക്കുമ്പോള്‍ അവര്‍ ദേശീയതയെ കുറിച്ച് പറയും. കാരണം അവര്‍ക്ക് പറയാന്‍ മറ്റൊന്നുമില്ല. ഒരു വികസനവും ഉയര്‍ത്തിക്കാണിക്കാന്‍ ഇല്ല’- എന്നായിരുന്നു ട്വിറ്ററില്‍ ഒരാള്‍ കുറിച്ചത്.

Exit mobile version